ഇന്ത്യയെ രക്ഷിക്കാൻ അവൻ വരട്ടെ :ആവശ്യവുമായി കപിൽ ദേവ്

ടി20 ലോകകപ്പിൽ ഇന്ത്യയുടെ 3 മത്സരങ്ങൾ അവസാനിച്ചപ്പോൾ, മൂന്നിലും ദിനേശ് കാർത്തിക്കിനാണ് വിക്കറ്റ് കീപ്പർ റോൾ നൽകിയത്. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് യഥാർത്ഥത്തിൽ ദിനേശ് കാർത്തിക് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും ഒടുവിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കാർത്തിക്കിൽ നിന്ന് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന പ്രതീക്ഷിച്ചെങ്കിലും, 7-ാമനായി ക്രീസിൽ എത്തിയ കാർത്തിക് 15 ബോളിൽ 6 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെയും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചെങ്കിലും, ഫിനിഷറുടെ റോൾ കാർത്തിക്കിന് പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. എന്നാൽ, ഇപ്പോൾ ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ വിക്കറ്റ് കീപ്പറായി ടീമിൽ ഋഷഭ് പന്തിനെ ഉൾപ്പെടുത്തണം എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായത്തിന് കൃത്യമായ വിശദീകരണവും കപിൽ ദേവ് നൽകി.

“ദിനേശ് കാർത്തിക് വളരെ മികച്ച കളിക്കാരനാണ്. എന്നാൽ, ഇനിയുള്ള മത്സരങ്ങളിൽ ഋഷഭ് പന്തിന് അവസരം നൽകണം. ലോകകപ്പിന്റെ ആദ്യ മത്സരം മുതൽ പന്തിന് അവസരം നൽകണമായിരുന്നു എന്ന അഭിപ്രായക്കാരനല്ല ഞാൻ. പക്ഷെ, ഇപ്പോൾ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ ശക്തിപ്പെടുത്തുന്നതിനായി ഇടങ്കയ്യൻ ബാറ്ററായ പന്തിനെ മധ്യനിരയിൽ കൊണ്ടുവരണം. വിക്കറ്റ്കീപ്പർ ബാറ്റർ ഇന്ത്യയുടെ മധ്യനിരയിൽ വരുന്നതോടെ മാത്രമേ ബാറ്റിംഗ് ഓർഡർ പൂർത്തിയാവൂ,” കപിൽ ദേവ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ കപിൽ ദേവിന്റെ അഭിപ്രായം വളരെ അധികം പ്രാധാന്യം അർഹിക്കുന്നതാണ്. നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് ഓരോ മത്സരത്തിലും ഏതെങ്കിലും ഒന്നോ രണ്ടോ ബാറ്റർമാരെ മാത്രം ആശ്രയിച്ചാണ്. ഋഷഭ് പന്ത് കൂടി ബാറ്റിംഗ് ലൈനപ്പിലേക്ക് വരുന്നതോടെ, ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിന്റെ ശക്തി വർദ്ധിക്കുകയും ആഴം കൂടുകയും ചെയ്യും. അതേസമയം, ഫിനിഷറുടെ റോൾ വഹിക്കാൻ മറ്റൊരു ബാറ്റർ ഇല്ലാത്തതിനാൽ, കാർത്തിക്കിനെ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത സംശയമാണ്.