DK വെടിക്കെട്ട് 8 ബോളിൽ 30 റൺസ്‌!! വീണ്ടും കാർത്തിക്ക് ഫിനിഷിങ്

ഞായറാഴ്ച്ചയിലെ (മെയ്‌ 8) ഡബിൾ ഹെഡറിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ മികച്ച ടോട്ടൽ കണ്ടെത്തി. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് ആർസിബി കണ്ടെത്തിയത്. ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിന്റെ അർധ സെഞ്ച്വറി പ്രകടനവും ദിനേശ് കാർത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ആർസിബിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബിക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലി (0) ഗോൾഡൻ ഡക്കിന് പുറത്താവുകയായിരുന്നു. എന്നിരുന്നാലും, ഓപ്പണറായി ഇറങ്ങിയ ഡ്യൂപ്ലിസിസ് പുറത്തകാതെ നിന്ന് നടത്തിയ പ്രകടനം ആർസിബിക്ക് തുണയായി.

ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ ബാറ്റിംഗ് ലൈനപ്പിൽ അഞ്ചാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ – ബാറ്റർ ദിനേശ് കാർത്തിക്കിന്റെ അവസാന ഓവറിലെ ബാറ്റിംഗ് പ്രകടനമാണ് ആർസിബി ടോട്ടൽ 190 കടത്തിയത്. ഫസൽഹഖ് ഫാറൂഖി എറിഞ്ഞ ഇന്നിംഗ്സിന്റെ അവസാന ഓവറിൽ 3 ബാക്ക്-ടു-ബാക്ക് സിക്സറുകൾ ഉൾപ്പടെ 22 റൺസാണ് കാർത്തിക് നേടിയത്.

ഓവറിലെ 3-ാം ബോൾ ഡീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ സിക്സ് പറത്തിയ കാർത്തിക്, തൊട്ടടുത്ത ബോൾ ഓഫ് സ്റ്റംപിന് മുകളിലൂടെയും, 5-ാം ബോൾ ഡീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെയും കാർത്തിക് സിക്സ് പറത്തി. ഒടുവിൽ, ഓവറിലെ അവസാന ബോൾ ലോങ്ങ്‌ ഓണിലൂടെ ബൗണ്ടറി കണ്ടെത്തിയ കാർത്തിക്, മൊത്തത്തിൽ 8 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പടെ 30 റൺസ് നേടി.