പരിഹാസങ്ങളിലും നേട്ടങ്ങൾ കൊണ്ട് ആഭ്യന്തര ക്രിക്കറ്റിൽ തല ഉയർത്തി നിൽക്കുന്ന പ്രതിഭ 😮😮വാഴ്ത്താൻ ആളില്ലാതെ പോയ താരം

400-ലധികം ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് അശോക് ഡിൻഡ. 2005-ൽ തന്റെ 21-ാം വയസ്സിൽ ബംഗാൾ ക്രിക്കറ്റ്‌ ടീമിന് വേണ്ടിയാണ് ഡിൻഡ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു തുടങ്ങുന്നത്. ബംഗാളിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനം, ഫാസ്റ്റ് ബൗളർക്ക്‌ പ്രഥമ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലേക്കുള്ള വഴിയൊരുക്കി. 2008-10 കാലയളവിൽ മൂന്ന് സീസണുകളിൽ നിന്ന് കോൽക്കത്തയ്ക്ക് വേണ്ടി ഡിൻഡ 29 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ വീഴ്ത്തി.

ഐപിഎല്ലിലെ പ്രകടനം ബംഗാൾ താരത്തിന്, ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള പ്രവേശനത്തിന് കാരണമായി. 2009 ഡിസംബർ 9 ന് ശ്രീലങ്കയ്‌ക്കെതിരെ നാഗ്പൂരിൽ നടന്ന ടി20 മത്സരത്തിൽ ഇന്ത്യയ്‌ക്കായി ടി20 അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഡിൻഡ, ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യയുടെ വിക്കറ്റ് വീഴ്ത്തിയാണ് തന്റെ അന്താരാഷ്ട്ര വിക്കറ്റ് വേട്ടക്ക്‌ തുടക്കമിട്ടത്. ശേഷം, 2010 ജൂണിൽ സിംബാബ്‌വെയ്‌ക്കെതിരെ ഡിൻഡ തന്റെ ഏകദിന അരങ്ങേറ്റം നടത്തി. തുടർന്ന്, 2010-ൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പ് ടീമിലേക്ക് ഡിൻഡയെ ഉൾപ്പെടുത്തി.ശേഷം, ഐപിഎല്ലിൽ കോടികൾ വിലപിടിപ്പുള്ള താരമായി മാറിയ ഡിൻഡ, സഹീർ ഖാനും, ആശിഷ് നെഹ്‌റയുമെല്ലാം ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങുമ്പോൾ, അവരുടെ പിന്മുറക്കാരനാവും എന്ന് എല്ലാവരും പ്രതീക്ഷിച്ചു.

എന്നാൽ, പിന്നീട് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത് സഹീർ ഖാനും, ആശിഷ് നെഹ്‌റയുമെല്ലാം കളമൊഴിയുന്നതിന് മുന്നേ, ഇന്ത്യയുടെ നീല ജേഴ്സിയിൽ നിന്ന് അപ്രത്യക്ഷനായ അശോക് ഡിൻഡയെ ആയിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ വളരെ വലിയ ഇക്കണോമിയിൽ പന്തെറിയുന്നതായിരുന്നു ഡിൻഡയുടെ രാജ്യാന്തര ക്രിക്കറ്റ്‌ കരിയറിന് അവസാനം കുറിച്ചത്.ഒടുവിൽ, സാമൂഹ്യ മാധ്യമങ്ങൾ വലിയ രീതിയിൽ പ്രചാരണത്തിലായ സമയത്ത്, ‘ഡിൻഡ അക്കാദമി’ എന്ന് വിളിച്ച് അയാളെ പലരും പരിഹസിച്ചു. ഇന്നും, ഏതെങ്കിലും മത്സരത്തിൽ ഉയർന്ന ഇക്കോണമി റേറ്റിൽ ആരെങ്കിലും പന്തെറിഞ്ഞാൽ, ട്രോളന്മാർ അയാളെ ‘ഡിൻഡ അക്കാദമി’ എന്ന് വിളിച്ചു കളിയാക്കുന്നു.

എന്നാൽ, 117 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകൾ വീഴ്ത്തിയ ആഭ്യന്തര ക്രിക്കറ്റിലെ ‘അൺസങ് ഹീറോ’ ആയിരുന്ന ഡിൻഡയെ അവർ അറിയണം. ഇന്ത്യക്ക് വേണ്ടി 9 ടി20 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ വീഴ്ത്തിയ ഡിൻഡയെ അവർ അറിയണം. ഡിൻഡ, പുതു തലമുറയിലെ ബൗളർമാർക്ക് നിങ്ങളൊരു പാഠമാണ്, വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അല്ല കാര്യം, റൺസ് വിട്ടുകൊടുക്കാതിരിക്കുന്നതിലാണ് ബൗളറുടെ കഴിവ് എന്ന പാഠം നിങ്ങൾ പുതിയ തലമുറക്ക് പകർന്നു നൽകുന്നു.