സ്കൂപ്പ് ഷോട്ടിന് ഒരൊറ്റ പിതാവ് 😱പുകഴ്ത്താൻ ആളില്ലാതെ പോയ ഇതിഹാസം

ബൗളർമാർക്ക് നേരെയുള്ള ആക്രമണ ബാറ്റിംഗ് സ്വഭാവം, മികച്ച ടൈമിംഗ്, കരുത്തുറ്റ ഷോട്ടുകൾ എന്നിവയാൽ, ശ്രീലങ്കൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് തിലകരത്‌നെ ദിൽഷൻ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ റൺ-ചേസുകളിൽ ഏറ്റവും മികച്ച റേറ്റിംഗ് ലഭിച്ച ശ്രീലങ്കൻ കളിക്കാരൻ എന്ന നിലയിൽ, എക്കാലത്തെയും ഏറ്റവും നൂതനമായ ഏകദിന ബാറ്റ്സ്മാൻമാരിൽ ഒരാളായി അദ്ദേഹം ഇപ്പോഴും കണക്കാക്കപ്പെടുന്നു.

ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും വിക്കറ്റ് കീപ്പർ ആകാനും കഴിവുള്ള, കളിയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയമായ കഴിവുകളുള്ള ഒരു അപൂർവ ക്രിക്കറ്റ് കളിക്കാരന്റെ ഉദാഹരണമായി ദിൽഷൻ കണക്കാക്കപ്പെടുന്നു. ബൗളറെ ആശയക്കുഴപ്പത്തിലാക്കുന്ന സ്റ്റാൻസ്‌, എന്നിട്ട് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഒരു സ്കൂപ് ഷോട്ട്, ‘ദിൽസ്കൂപ്പ്’ എന്നാണ് ഈ ഷോട്ട് അറിയപ്പെടുന്നത്, ഒരുപക്ഷെ അപൂർവം ചില ബാറ്റർമാരുടെ പേരിൽ മാത്രം അറിയപ്പെടുന്ന ക്രിക്കറ്റിലെ ഷോട്ടുകളിൽ ഒന്നാണ് ഇത്‌.

1999-ൽ സിംബാവെക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച ദിൽഷനെ, മഹേല ജയവർദ്ധനെ, കുമാർ സംഗക്കാര എന്നീ ഇതിഹാസങ്ങളാൽ കരിയറിന്റെ തുടക്കത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ്‌ കുറച്ചുകണ്ടു എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കത്തിൽ 6-ഉം 7-ഉം സ്ഥാനങ്ങളിൽ ഒക്കെ ആയിരുന്നു ദിൽഷൻ ബാറ്റ് ചെയ്തിരുന്നത്. എന്നാൽ, കാലാനുസൃതമായി ഓപ്പണിങ് ബാറ്റ്‌സ്മാൻ ആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ, ദിൽഷൻ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി, ആധുനിക ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസമായി.

തുടർന്ന്, ശ്രീലങ്കൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായ ദിൽഷൻ, ക്യാപ്റ്റനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമാണ്. ഏകദിനത്തിൽ 10,000 റൺസ് നേടുന്ന നാലാമത്തെ ശ്രീലങ്കൻ കളിക്കാരനും പതിനൊന്നാമത്തെ അന്താരാഷ്ട്ര കളിക്കാരനുമാണ് അദ്ദേഹം. ട്വന്റി 20 ഫോർമാറ്റിൽ 1,500 റൺസ് നേടുന്ന അന്താരാഷ്ട്ര തലത്തിൽ മൂന്നാമത്തേയും ആദ്യത്തെ ശ്രീലങ്കക്കാരനായും മാറിയ ദിൽഷൻ, ടി20യിൽ 200 ബൗണ്ടറികൾ നേടുന്ന ആദ്യ ബാറ്റർ കൂടിയാണ്. 2009-നും 2015-നും ഇടയിലുള്ള എല്ലാ കലണ്ടർ വർഷത്തിലും 800-ൽ കൂടുതൽ റൺസ് നേടിയ ദിൽഷൻ, 2016-ൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും തല ഉയർത്തി പടിയിറങ്ങി.