മി ന്നൽ സ്റ്റമ്പിങ്!!!എംഎസ് ധോണിയെ അനുകരിക്കുന്ന സ്റ്റംപിംഗ് പ്രകടനം പുറത്തെടുത്ത് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിറോഷൻ ഡിക്‌വെല്ല

ശ്രീലങ്ക – പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന് നാല് വിക്കറ്റ് ജയം. ഗല്ലി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ ചാണ്ടിമലിന്റെ (76) അർധ സെഞ്ച്വറിയുടെ മികവിൽ 222 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ, ക്യാപ്റ്റൻ ബാബർ അസമിന്റെ (119) സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 218 റൺസ് കണ്ടെത്തി.

ഇതോടെ, 4 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക, ഒശാഡ ഫെർണാണ്ടോ (64), കുശാൽ മെൻഡിസ് (76), ചാണ്ടിമൽ (94*) എന്നിവരുടെ മികവിൽ 337 റൺസ് നേടി. 338 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാനായി, ഓപ്പണർ അബ്ദുള്ള ഷഫീഖ് (160*) പുറത്താകാതെ ക്രീസിൽ തുടരുകയും, ക്യാപ്റ്റൻ ബാബർ അസം (55), മുഹമ്മദ്‌ റിസ്വാൻ (40) എന്നിവർ മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ 6 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ വിജയലക്ഷ്യം മറികടന്നു.

എന്നാൽ, മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായത്, പാക് ഓപ്പണർ ഇമാം-ഉൾ-ഹഖിനെ രണ്ടാം ഇന്നിംഗ്സിൽ പുറത്താക്കാനായി ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിറോഷൻ ഡിക്‌വെല്ല നടത്തിയ മിന്നൽ സ്റ്റംപിംഗ് പ്രകടനമാണ്. ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന മിന്നൽ സ്റ്റംപിംഗ് ആണ് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ പുറത്തെടുത്തത്.

ഇന്നിംഗ്സിന്റെ, 29-ാം ഓവറിൽ രമേശ്‌ മെൻഡിസിന്റെ ബോൾ ഇമാം-ഉൾ-ഹഖിന് ഡിഫെൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ, ബോൾ വിക്കറ്റ് കീപ്പർ ഡിക്‌വെല്ല പിടിച്ചെടുത്ത് അതിവേഗം സ്റ്റംപ് ചെയ്തു. എന്നാൽ, താൻ ക്രീസ് വിട്ടിറങ്ങിയിട്ടില്ല എന്ന ആത്മവിശ്വാസത്തിൽ ആയിരുന്നു ഇമാം-ഉൾ-ഹഖ്. പക്ഷെ, തേർഡ് അമ്പയർ റിപ്ലൈ ദൃശ്യങ്ങളിൽ പാക് ബാറ്ററുടെ ബാക്ക്ഫൂട്ട് സ്റ്റംപ് ചെയ്യുന്ന വേളയിൽ ഉയർന്നിരിക്കുന്നതായി കാണാൻ സാധിച്ചു. ഇതോടെ 35 റൺസെടുത്ത ഇമാം-ഉൾ-ഹഖ് അമ്പരപ്പോടെ പവലിയനിലേക്ക് മടങ്ങി.