അമ്മയോടൊപ്പം നിൽക്കുന്ന ഈ സഹോദരന്മാർ ആരെന്ന് മനസ്സിലായോ

തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ആരാധകരുടെ ഇഷ്ടം മനസ്സിലാക്കി പല താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മലയാളികളുടെ ഒരു പ്രിയതാരം ഇപ്പോൾ തന്റെ സഹോദരനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ കാണുന്ന താര സഹോദരങ്ങൾ അല്ലെങ്കിൽ താരപുത്രന്മാർ ആരൊക്കെയെന്ന് നിങ്ങൾക്ക് മനസ്സിലായോ.

ഈ കുടുംബത്തിലെ അച്ഛനും മക്കളും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. അതും സിനിമയുടെ തന്നെ പല മേഖലകളിലും മൂന്നുപേരും കഴിവ് തെളിയിച്ചിട്ടുള്ളവരാണ്. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മക്കളും, ഗായകൻ – സംവിധായകൻ – തിരക്കഥാകൃത്ത് – അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വിനീത് ശ്രീനിവാസനും, അഭിനേതാവ് – സംവിധായകൻ – തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ധ്യാൻ ശ്രീനിവാസനും ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികൾ.

അമ്മ വിമലയോടൊപ്പം നിൽക്കുന്ന ചിത്രം വിനീത് ശ്രീനിവാസൻ ആണ് കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചത്. ‘Once upon a time’ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഗായകനായിയാണ് വിനീത് ശ്രീനിവാസൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട്, 2008-ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലൂടെ നായകനായി ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടു. ‘മലർവാടി ആർട്സ് ക്ലബ്’ ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രം. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ താരങ്ങളെ മലയാളസിനിമയിലേക്ക് കൊണ്ടുവന്നതും വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസനും സിനിമ ജീവിതം ആരംഭിക്കുന്നത്.