ഐപിഎൽ 2022ലെ 68-ാം മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇതിനോടകം ഐപിഎല്ലിൽ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിംഗ്സ്, പോയിന്റ് പട്ടികയിൽ പോയന്റ് നില മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ, രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫിൽ എത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
ടോസ് ദൗർഭാഗ്യം പിന്തുടരുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്, എങ്കിലും ആദ്യം ബാറ്റിംഗ് ചെയ്താണ് രാജസ്ഥാൻ റോയൽസ് സീസണിൽ ഏറ്റവും കൂടുതൽ വിജയം നേടിയത്. ഇത് കൊണ്ട് തന്നെയായിരിക്കാം ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണി ടോസ് നേടിയതിന് പിന്നാലെ ബാറ്റിംഗ് തിരഞ്ഞെടുത്. എന്നാൽ, ടോസ് നേടിയ ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള കാരണം ഇങ്ങനെയാണ് പറഞ്ഞത്, “ഞങ്ങളുടെ കോമ്പിനേഷൻ കണക്കിലെടുത്ത് ബാറ്റർമാർക്ക് മതിയായ സമയം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവർ അത് ഉപയോഗപ്പെടുത്തണം എന്ന് മാത്രം.”

ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഈ സീസണിലെ അവസാന മത്സരം ആണെന്നിരിക്കെ, ഇത് എംഎസ് ധോണിയുടെ അവസാന ഐപിഎൽ മത്സരം ആയിരിക്കുമോ എന്ന ആശങ്ക ക്രിക്കറ്റ് ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ സംശയത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ധോണി. താൻ അടുത്ത വർഷവും ടീമിനൊപ്പം ഉണ്ടാവുമെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ അത് സിഎസ്കെ ആരാധകരോട് ചെയ്യുന്ന ചതി ആയിരിക്കുമെന്നും ധോണി പറഞ്ഞു.
“തീർച്ചയായും, ഞാൻ ഉണ്ടാകും. ചെന്നൈയോട് നന്ദി പറയാതിരിക്കുന്നത് അന്യായമായിരിക്കും. സിഎസ്കെ ആരാധകരോട് അങ്ങനെ ചെയ്യാൻ എനിക്കാകില്ല,” ടോസ് നേടിയ ശേഷം ധോണി പറഞ്ഞു. ഇരുടീമുകളും മത്സരത്തിൽ ഓരോ മാറ്റം വരുത്തിയാണ് ഇറങ്ങിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് നിരയിൽ ശിവം ദുബെക്ക് പകരം അമ്പാട്ടി റായിഡു ഇടം പിടിച്ചപ്പോൾ, രാജസ്ഥാൻ റോയൽസ് പ്ലെയിങ് ഇലവനിൽ, മുൻ മത്സരങ്ങളിൽ ലഭ്യമല്ലാതിരുന്ന ഹെറ്റ്മയർ, ജിമ്മി നീഷമിന് പകരം ടീമിൽ തിരിച്ചെത്തി.