അവനെന്റെ പയ്യനാണ് രക്ഷകനും :ദാദയെ സാക്ഷിയാക്കി തല മാജിക്ക്

എഴുത്ത് :Hari Narayanan;”അവനെന്റെ പയ്യനാ”ഡഗ്ഗ്ഔട്ടിലിരുന്ന് തന്റെ പ്രിയ ശിഷ്യന്റെ ബാറ്റിങ് ആസ്വദിക്കുമ്പോൾ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി മനസ്സുകൊണ്ടെങ്കിലും പറഞ്ഞ വാക്കുകളായിരിക്കുമിത്.അദ്ദേഹം ആ ഗാലറിയിൽ ഇരുന്ന് ആ പഴയ കാലത്തിലേക്ക്‌ പോയിട്ടുണ്ടാവും. ക്രീസിലേക്ക് വന്നപാടെ പാകിസ്താന്റെ സമിയെയും അഫ്രീദിയെയുമൊക്കെ ഒരു ദാക്ഷണ്യവും കൂടാതെ എടുത്ത് അലക്കിയിരുന്ന ആ നീളൻ മുടിക്കാരൻ പയ്യൻ തന്നെയായണോ ഇത്?

ടീമിന്റെ ടോപ്പ് ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നു നിൽക്കുന്ന സമയത്ത് അദ്ദേഹം ഇന്നിംഗ്‌സിൽ കാണിച്ച പക്വത ആ നീളൻ മുടിക്കാരനിൽ നിന്നും ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.വയസ്സ് നാല്പത് കഴിഞ്ഞു. ഇപ്പോഴും ഇന്ത്യൻ രാജ്യത്തിന്റെ തന്നെ നട്ടെല്ലായ ടൂർണമെന്റ് അദ്ദേഹത്തെ വച്ചാണ് മാർക്കറ്റ് ചെയ്യുന്നത്. കൂടെ കളിച്ചവരെല്ലാം കളി നിർത്തി വിശ്രമ ജീവിതത്തിൽ എത്തി, ചിലർ അതേ IPL ടീമുകളെ പരിശീലിപ്പിക്കുന്നു, ചിലർ ബി സി സി ഐ യുടെ തലപ്പത്ത് ഇരിക്കുന്നു.എന്നിട്ടും ഈ മനുഷ്യൻ മാത്രം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നു.

ഈ മനുഷ്യന് എന്തൊരു അഭിനിവേശവും ആവേശവുമാണ് ഈ കളിയോട്. എനിക്ക് തോന്നിയിട്ടുണ്ട് സച്ചിൻ ടെണ്ടുൽക്കർ എപ്പോഴും ഉരുവിടുന്ന കാര്യമായിരുന്നു “എനിക്ക് ക്രിക്കറ്റ് ജീവിതമാണ്”. ധോണി ഒരിക്കൽ പോലും അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് അതിനപ്പുറം ആവേശമാണ് ക്രിക്കറ്റിനോട്.ഇന്നും ഈ ഇന്നിങ്സിലും അദ്ദേഹം കാണികളെ തൃപ്തിപ്പെടുത്താനോ വിമർശകർ എന്തു പറയുമെന്നോ ചിന്തിച്ചിട്ടില്ല. ടീം കൂടുതൽ തകർന്നുപോകാതെ ഇത്തരം സിറ്റുവേഷനുകളിൽ എന്ത് ചെയ്യണമെന്ന് പുതിയ ക്യാപ്റ്റൻ ജഡേജക്ക് കാണിച്ചു കൊടുക്കുക, ടീമിനെ മോശമല്ലാത്ത ഒരു സ്കോറിൽ എത്തിക്കുക.

അദ്ദേഹമതിൽ വിജയിച്ചു.ധോനി ഈ സീസണിൽ അൻപത് നേടിയാലും, നൂറ് നേടിയാലും, പൂജ്യം നേടിയാലും നിങ്ങൾ ആഘോഷമാക്കേണ്ടതില്ല. അദ്ദേഹം ആ 22 യാർഡുകളിൽ നിൽക്കുന്നത് മനം കുളിർക്കെ, കൺ കുളിർക്കെ കണ്ടു കൊണ്ടേയിരിക്കുക.കാരണം അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല.