ഇത് ധോണി റിവ്യൂ സിസ്റ്റം 😳😳സൂപ്പർ ക്യാച്ച് സൂപ്പർ റിവ്യൂവുമായി ധോണി | Dhoni Review System

Dhoni Review System:ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ധോണി റിവ്യൂ സിസ്റ്റം. ചെന്നൈയുടെ മുംബൈയ്ക്കെതിരായ മത്സരത്തിനിടയാണ് ധോണി അവിസ്മരണീയമായ റിവ്യൂവിലൂടെ മുംബൈ ബാറ്റർ സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. മുൻപ് ഇന്ത്യൻ ടീമിൽ കീപ്പറായിരുന്ന സമയത്തും ധോണി ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന റിവ്യൂകൾ എടുക്കുകയുണ്ടായി. പലപ്പോഴും ബോളർമാർക്ക് പോലും നിശ്ചയമില്ലാത്ത ചില വിക്കറ്റുകൾ ധോണി മൂലം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. അതിന്റെ ബാക്കിപത്രമാണ് ചെന്നൈയുടെ മുംബൈയ്ക്കെതിരായ മത്സരത്തിൽ കണ്ടത്.

മത്സരത്തിൽ മുംബൈ എട്ടാം ഓവറിലാണ് സംഭവം നടന്നത്. സാന്റ്നർ ആയിരുന്നു എട്ടാം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാം പന്ത് സൂര്യകുമാർ യാദവിന്റെ ലെഗ് സൈഡിലൂടെയാണ് വന്നത്. മറ്റേതു ബാറ്റർമാരും ആ പന്തിൽ വൈഡിനായി കാത്തിരിക്കുമായിരുന്നു. എന്നാൽ സൂര്യകുമാർ യാദവ് മുൻപിലേക്ക് കയറി ഒരു സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ചു. പക്ഷേ ബോൾ ബാറ്റിന്റെ എഡ്ജിൽ കൊണ്ട ശേഷം കീപ്പർ ധോണിയുടെ കൈപ്പിടിയിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ ബോളറായ സാന്റ്നർ അടക്കം ആരുംതന്നെ വിക്കറ്റിനായി വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയില്ല. എന്നാൽ കൃത്യമായി പന്ത് ബാറ്റിൽ കൊണ്ടുവെന്ന് ഉറപ്പിച്ച ധോണി ഡിസിഷൻ റിവ്യൂവിന് വിടുകയായിരുന്നു.

പന്ത് കൃത്യമായി സൂര്യകുമാർ യാദവിന്റെ ഗ്ലൗസിൽ കൊണ്ട ശേഷമാണ് ധോണിയുടെ കയ്യിൽ എത്തിയത് എന്ന് അൾട്രാ എഡ്ജിൽ വ്യക്തമായി. ലെഗ് സൈഡിൽ ഒരു അത്യുഗ്രൻ ക്യാച്ച് തന്നെ ധോണി സ്വന്തമാക്കുകയുണ്ടായി. ശേഷം ചെന്നൈ താരങ്ങളൊക്കെയും ധോണിയുടെ അടുത്ത് വന്ന് പ്രശംസിക്കുന്നതും മത്സരത്തിലെ കാഴ്ചയായിരുന്നു. കൃത്യമായി മത്സരത്തെ നിരീക്ഷിക്കാനുള്ള ധോണിയുടെ കഴിവാണ് ഈ തീരുമാനത്തിൽ ദൃശ്യമായത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ചെന്നൈ വാങ്കഡേ പിച്ചിൽ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ അടിച്ചുതകർത്താണ് മുംബൈ ഓപ്പൺമാർ ആരംഭിച്ചത്. രോഹിത് ശർമ 21 റൺസും, ഇഷാൻ കിഷൻ 32 റൺസും നേടി. എന്നാൽ ശേഷം സ്പിന്നർമാർ എത്തിയതോടെ മുംബൈ പത്തി മടക്കുന്നതാണ് കാണാൻ സാധിക്കുന്നത്. Dhoni Review System

Rate this post