എന്തുകൊണ്ട് നമ്പർ 7? എംഎസ് ധോണി തന്നെ കാരണം വെളിപ്പെടുത്തി

കായിക താരങ്ങൾക്കിടയിൽ ജേഴ്‌സി നമ്പർ 7, പലപ്പോഴും ഇതിഹാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഴാം നമ്പർ ജേഴ്‌സി ഫുട്‌ബോൾ ലോകത്ത് അനശ്വരമാക്കിയപ്പോൾ, ക്രിക്കറ്റ്‌ ലോകത്ത് ആ പദവി വഹിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയാണ്‌. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ, അദ്ദേഹം ഏഴാം നമ്പർ ജേഴ്‌സി ധരിച്ചു, അതിനുശേഷം അത് ധോണിയുടെ പര്യായമായി മാറി.

കഴിഞ്ഞ ദിവസം നടന്ന ഒരു വെർച്വൽ ഇവന്റിൽ, ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ തന്റെ കളിജീവിതത്തിലുടനീളം ധരിക്കാൻ ഐക്കണിക് ജേഴ്‌സി നമ്പർ 7 തിരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി. സി‌എസ്‌കെയുടെ ഉടമകളുടെ മാതൃസംഘടന അടുത്തിടെ സംഘടിപ്പിച്ച ഒരു വെർച്വൽ ഇവന്റിലാണ്, താൻ എന്തിനാണ് 7-ാം നമ്പർ ജേഴ്‌സി ധരിക്കാൻ തീരുമാനിച്ചതെന്ന് ധോണി വെളിപ്പെടുത്തിയത്. അതിന് പിന്നിൽ അന്ധവിശ്വാസമൊന്നുമില്ല എന്ന് വ്യക്തമാക്കിയ ധോണി, ലളിതമായ ഒരു കാരണം കൊണ്ടാണ് താൻ 7-നെ സ്നേഹിക്കുന്നതെന്ന് വെളിപ്പെടുത്തി.

“എന്റെ ഭാഗ്യ സംഖ്യയാണ് 7 എന്നാണ് പലരും ആദ്യം കരുതിയിരുന്നത്. എന്നാൽ വളരെ ലളിതമായ ഒരു കാരണത്താലാണ് ഞാൻ ആ നമ്പർ തിരഞ്ഞെടുത്തത്. ഞാൻ ജനിച്ചത് ജൂലൈ ഏഴാം തീയതിയാണ്. അതായത് ഏഴാം മാസത്തിലെ ഏഴാം തീയതി. അതായിരുന്നു ഞാൻ ജേഴ്‌സി നമ്പർ 7 തിരഞ്ഞെടുക്കാൻ കാരണം,” ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പറഞ്ഞു.

“ഏത് സംഖ്യയും നല്ല സംഖ്യയാണ്, എന്നാൽ വ്യത്യസ്തമായ കാര്യങ്ങളിലേക്ക് പോകുന്നതിനുപകരം, എന്റെ ജനനത്തീയതി സംഖ്യയായി ഉപയോഗിക്കാമെന്ന് ഞാൻ കരുതി,” ധോണി തുടർന്നു. “ഞാൻ ഇതിനെക്കുറിച്ച് വളരെ അന്ധവിശ്വാസിയല്ല, പക്ഷേ ഇത് എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു സംഖ്യയാണ്, വർഷങ്ങളായി ഞാൻ അത് എന്നോടൊപ്പം സൂക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.