ധോണിയുടെ ശിഷ്യൻ ഇപ്പോൾ നെറ്റ് ബൗളർ :വിശ്വസിക്കാൻ കഴിയാതെ ക്രിക്കറ്റ്‌ ലോകം

മാർച്ച് 26-ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ സീസണ് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തങ്ങളുടെ ബാറ്റർമാരുടെ പരിശീലനത്തിനായി ഓരോ ഫ്രാഞ്ചൈസിയും ലഭിക്കാവുന്നവരിൽ ഏറ്റവും മികച്ച ബൗളർമാരെ ടീമിനൊപ്പം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പലരും വിദേശ താരങ്ങൾക്ക് പിന്നാലെ പോയപ്പോൾ, പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ് രണ്ട് ഇന്ത്യൻ താരങ്ങളെയാണ് നെറ്റ് ബൗളർമാരായി ടീമിനൊപ്പം ചേർത്തിരിക്കുന്നത്.

എന്നാൽ, ഗുജറാത്ത് ടൈറ്റൻസ് തിരഞ്ഞെടുത്ത നെറ്റ് ബൗളറെ കണ്ട് ക്രിക്കറ്റ്‌ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഐ‌പി‌എൽ 2014-ലെ പർപ്പിൾ ക്യാപ്പ് ജേതാവായ മുൻ ഇന്ത്യൻ ലിമിറ്റഡ് ഓവർ പേസർ മോഹിത് ശർമ്മയെ ആണ് ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് നെറ്റ് ബൗളറായി തിരഞ്ഞെടുത്തിരിക്കുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ചാമ്പ്യൻമാരായപ്പോൾ ഹൈദരാബാദ് താരമായിരുന്ന ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ബരീന്ദർ സ്രാൻ ആണ് ഗുജറാത്തിന്റെ മറ്റൊരു നെറ്റ് ബൗളർ.

2014-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പ്രതിനിധീകരിച്ച മോഹിത് ശർമ്മ, സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 19.65 ശരാശരിയിൽ 23 വിക്കറ്റ് വീഴ്ത്തി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറിയിരുന്നു. 2013 മുതൽ 2015 വരെ സിഎസ്കെ താരമായിരുന്ന മോഹിത്, പിന്നീട് കിംഗ്സ് ഇലവൻ പഞ്ചാബിലും, തുടർന്ന് ഡൽഹി ക്യാപിറ്റൽസിലും കളിച്ചിട്ടുണ്ട്. 86 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 92 വിക്കറ്റുകളാണ് മോഹിത് ശർമ്മയുടെ സമ്പാദ്യം.

എന്നാൽ, കഴിഞ്ഞ മാസം നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ 33 കാരനായ മോഹിത് ശർമ്മയെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് രണ്ട് ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മോഹിത് ശർമ്മ, ഗുജറാത്ത്‌ ടൈറ്റൻസിന്റെ നെറ്റ് ബൗളറായി ചുമതലയേറ്റത്. 26 ഏകദിനങ്ങളും എട്ട് ടി20കളും ഇന്ത്യൻ ജേഴ്സിയിൽ കളിച്ചിട്ടുള്ള ശർമ്മ, 2014ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി ടി20 ലോകകപ്പിലും ഓസ്‌ട്രേലിയയും ന്യൂസിലൻഡും സഹകരിച്ച് ആതിഥേയത്വം വഹിച്ച 2015 ലോകകപ്പിലും ഇന്ത്യൻ ടീമിലെ അംഗമായിരുന്നു.