അന്ന് ധോണി വിക്കറ്റിന് പിന്നിൽ ഉണ്ടായിരുന്നതുകൊണ്ടാണ്, ഇനി അത് നടക്കില്ല ; മുൻ ഇന്ത്യൻ താരം പറയുന്നു

സിംബാബ്‌വെക്കെതിരായ ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ, ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ശിഖർ ധവാനും (81), ശുഭ്മാൻ ഗില്ലും (82) ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ, ബോളർമാർ എല്ലാം തന്നെ ബോളിംഗിൽ മികവ് കാട്ടുകയും ചെയ്തു. മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 189 റൺസിന് ഇന്ത്യൻ ബോളർമാർ ഓൾഔട്ട് ആക്കുകയായിരുന്നു.

ഹരാരെയിൽ നടന്ന മത്സരത്തിൽ, ഇന്ത്യക്ക് വേണ്ടി ദീപക് ചാഹർ, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മുഹമ്മദ്‌ സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ, ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞവരിൽ കുൽദീപ് യാദവിന് മാത്രം വിക്കറ്റുകൾ ഒന്നും തന്നെ നേടാൻ സാധിച്ചില്ല. എന്നാൽ, മറ്റു ബോളർമാരെ അപേക്ഷിച്ചു ഏറ്റവും കുറവ് റൺസ് മാത്രമാണ് കുൽദീപ് യാദവ് വഴങ്ങിയത്.

എന്നാൽ, കുൽദീപ് യാദവ് വിക്കറ്റ് എടുക്കാൻ ശ്രമിക്കാതെ, സേഫ് സോണിൽ റൺ വഴങ്ങാതിരിക്കാൻ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം ശിവരാമകൃഷ്ണൻ പറഞ്ഞു. എന്നാൽ, കുൽദീപിന് നിരവധി അവസരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലഭിക്കുന്ന അവസരങ്ങളിൽ അദ്ദേഹം അദ്ദേഹത്തിന്റെ സേഫ് സോണിൽ പന്തലിയുന്നതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആകില്ല എന്നും ശിവരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. അതോടൊപ്പം, എംഎസ് ധോണി വിക്കറ്റ് കീപ്പർ ആയിരുന്ന സമയത്ത് ധോണിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പന്തെറിഞ്ഞതിനാൽ ആണ് കുൽദീപിന് കൂടുതൽ വിക്കറ്റുകൾ നേടാനായത് എന്നും ശിവരാമകൃഷ്ണൻ പറഞ്ഞു.

“ധോണി എതിർ ബാറ്റർമാരെ നന്നായി വായിക്കുന്ന ഒരു വിക്കറ്റ് കീപ്പർ ആണ്. തന്റെ ബോളർ ഏതു രീതിയിൽ പന്തെറിഞ്ഞാൽ ആ ബാറ്ററെ പുറത്താക്കാൻ സാധിക്കും എന്ന ബോധ്യം ധോണിക്ക് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ബോളർമാർക്ക് നിർദേശങ്ങൾ കൈമാറിയിരുന്നത്. അതുകൊണ്ടാണ് ധോണി വിക്കറ്റിന് പിന്നിൽ ഉണ്ടായിരുന്ന സമയത്ത് കുൽദീപും, ചഹലും കൂടുതൽ വിക്കറ്റുകൾ എടുത്തിരുന്നത്,” ശിവരാമകൃഷ്ണൻ പറഞ്ഞു.

Rate this post