2023 ലോകക്കപ്പ് എനിക്ക് കളിക്കണം!!തന്റെ ആഗ്രഹം വെളിപ്പെടുത്തി ശിഖർ ധവാൻ

ശിഖർ ധവാൻ 2023 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ എന്ന് എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലെയും ഒരു സംശയമാണ്. 36-കാരനായ ധവാന്റെ മികവ് ഇപ്പോഴും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തതാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വിരേന്ദർ സെവാഗിന് ശേഷം ലഭിച്ച ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ധവാൻ. അതേസമയം, യുവതാരങ്ങളുടെ കടന്നു വരവ് ധവാനെ എത്രകാലം ഇന്ത്യൻ ടീമിൽ തുടരാൻ അനുവദിക്കും എന്നതാണ് സംശയം.

എന്നാൽ, ഇപ്പോൾ പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ശിഖർ ധവാൻ ആണ്. 2023 ലോകകപ്പ് കളിക്കുക എന്ന ആഗ്രഹത്തെക്കുറിച്ച് ധവാൻ സംസാരിക്കുന്നത് ഇങ്ങനെ, “2023 ലോകകപ്പ് കളിക്കണം എന്നതാണ് എന്റെ ആഗ്രഹം. അതുവരെ ഫിറ്റ്നസ് നിലനിർത്തുകയും, മാനസികമായി ശക്തിപ്പെടുത്തേണ്ടതുമുണ്ട്,” ധവാൻ പറഞ്ഞു. തനിക്ക് ലഭിച്ച അവസരങ്ങളിൽ താൻ നന്ദിയുള്ളവനാണ് എന്നും ധവാൻ പറഞ്ഞു.

“എന്റെ അന്താരാഷ്ട്ര കരിയറിൽ ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്. എനിക്ക് വളരെ മികച്ച ഒരു കരിയർ ആണ് ലഭിച്ചിരിക്കുന്നത്. സാധ്യമായ സമയങ്ങളിൽ എല്ലാം യുവ താരങ്ങൾക്ക് ഞാൻ എന്റെ എക്സ്പീരിയൻസ് പകർന്നു നൽകാറുമുണ്ട്,” ധവാൻ പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് എന്നും ധവാൻ പറഞ്ഞു.

“ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഈ പരമ്പര യുവതാരങ്ങൾക്ക് വളരെ പ്രാധാന്യമേറിയതാണ്. പ്രത്യേകിച്ചും വലിയ ടീമുകൾക്കെതിരെ കളിക്കുന്നത് യുവ താരങ്ങൾക്ക് കൂടുതൽ എക്സ്പീരിയൻസ് നേടാനും കോൺഫിഡൻസ് നേടാനും സഹായകമാകും. തെറ്റുകൾ പറ്റുമ്പോൾ അവ തിരുത്തി മുന്നേറുന്നതിൽ ആണ് കരിയറിന്റെ വിജയം,” ധവാൻ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ധവാൻ നിറം മങ്ങിയെങ്കിലും, അടുത്ത മത്സരത്തിൽ തീർച്ചയായും ധവാൻ തിരിച്ചുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.