കാലുകൾ കൊണ്ട് ക്യാച്ച് എടുത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ശിഖർ ധവാൻ
ഇന്ത്യ – ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇപ്പോൾ പുരോഗമിക്കുകയാണ്. ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കം ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ ബംഗ്ലാദേശ് ടോപ്പ് ഓർഡർ ബാറ്റിംഗ് നിര തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റൻ ലിറ്റൺ ദാസ് (7), ഓപ്പണർ അനമുൽ ഹഖ് (11) എന്നിവരെല്ലാം നിരാശപ്പെടുത്തി.
പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങിനൊപ്പം തന്നെ ഫീൽഡിങ്ങിലെ പിഴവുകളും തിരിച്ചടിയായിരുന്നു. എന്നാൽ, ഇപ്പോൾ പുരോഗമിക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ ചില മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ കാണാൻ ഇടയായി. അതിൽ കൗതുകം ജനിപ്പിക്കുന്ന ഒരു ഫീൽഡിങ് പ്രകടനമാണ് ബംഗ്ലാദേശ് ബാറ്റർ ഷാകിബ് അൽ ഹസ്സന്റെ ക്യാച്ച് അതിവിദഗ്ധമായി ശിഖർ ധവാൻ എടുത്തത് . ഇന്നിംഗ്സിന്റെ 17-ആം ഓവറിലാണ് രസകരവും കൗതുകവും നിറഞ്ഞ ഫീൽഡിങ് പ്രകടനം ധവാൻ കാഴ്ചവെച്ചത്.

വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ ഓവറിലെ അവസാന ബോൾ, ഷാക്കിബ് അൽ ഹസൻ സ്വീപ്പ് ഷോട്ട് കളിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ശാക്കിബിന്റെ ടൈമിംഗ് പിഴച്ചതോടെ, ബോൾ നേരെ മുകളിലേക്ക് ഉയരുകയായിരുന്നു. തുടർന്ന് ക്യാച്ച് എടുക്കാൻ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ശിഖർ ധവാനും സമീപത്ത് ചെയ്തിരുന്ന മുഹമ്മദ് സിറാജും ഓടിയെത്തി. ആദ്യം ഇരുവരും കൂട്ടിമുട്ടും എന്ന് തോന്നിപ്പിച്ചെങ്കിലും, ധവാൻ ബോളിന് നേരെ തന്റെ ഇരുകൈയും നീട്ടി എത്തിയതോടെ, സിറാജ് മാറിക്കളഞ്ഞു.
എന്നാൽ , ബോൾ ധവാന്റെ കൈകൾക്ക് ഇടയിലൂടെ താഴേക്ക് ഇറങ്ങുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ ബോൾ ഗ്രൗണ്ടിൽ പതിക്കുന്നതിനു മുന്നേ തന്നെ ധവാൻ തന്റെ കാലുകൾ കൊണ്ട് ബോൾ പിടികൂടി. ധവാന്റെ ക്യാച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും, ധവാൻ ഒരു മികച്ച ഫീൽഡർ ആയതിനാൽ തന്നെ ഈ പ്രകടനത്തിൽ കൂടുതൽ അതിശയിക്കാനില്ല എന്നതാണ് വസ്തുത. ക്യാച്ച് എടുത്തശേഷം ധവാൻ തന്റെ സ്വരസിദ്ധമായ ശൈലിയിൽ ആഘോഷിക്കുകയും ചെയ്തു.