ശിഖർ ധവാന്റെ ജേഴ്‌സി ആവശ്യപ്പെട്ട് ആരാധകൻ; ധവാൻ നൽകിയ മറുപടിയുടെ വീഡിയോ വൈറൽ

ഇന്ത്യൻ ടീമിൽ തന്റെ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് വെറ്റെറൻ ഓപ്പണർ ശിഖർ ധവാൻ. ധവാന്റെ കാലം കഴിഞ്ഞെന്നും, യുവ ഓപ്പണർമാർക്ക് അവസരം നൽകി ധവാനെ ടീമിൽ നിന്ന് ഒഴിവാക്കണം എന്നുമുള്ള അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു കേൾക്കുമ്പോഴാണ്, ധവാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഇപ്പോഴും ഇന്ത്യൻ ടീമിൽ ബാറ്റ് വീശി തന്റെ സ്ഥിരത നിലനിർത്തുന്നത്.

സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ധവാൻ 2023 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണർ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ധവാൻ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ശേഷം, നടന്ന സിംബാബ്‌വെ പര്യടനത്തിലും 36-കാരനായ ധവാൻ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, സിംബാബ്‌വെക്കെതിരായ അവസാന മത്സരത്തിൽ ശ്രദ്ധേയമായത് ധവാന് സംഭവിച്ച ഒരു അബദ്ധമാണ്.

ഓപ്പണറായി ക്രീസിലെത്തിയ ധവാൻ, അദ്ദേഹത്തിന്റെ ജെഴ്‌സിക്ക് പകരം സഹതാരം ഷാർദുൽ താക്കൂറിന്റെ ജേഴ്‌സി ആണ് അണിഞ്ഞിരുന്നത്. ഇത്‌ ശ്രദ്ധയിൽപ്പെട്ട അമ്പയർ, ധവാൻ അണിഞ്ഞിരുന്ന ജേഴ്സിയിലെ ഷാർദുൽ താക്കൂറിന്റെ പേരിൽ ടാപ് ഒട്ടിച്ച ശേഷമാണ് മത്സരം തുടരാൻ അനുവദിച്ചത്. എന്നാൽ, ധവാൻ പുറത്തായ ശേഷം ധവാന്റെ ജേഴ്സിയുമായി ബന്ധപ്പെട്ട് നടന്ന മറ്റൊരു സംഭവവും കൂടുതൽ ശ്രദ്ധ നേടി.

കളി കാണാൻ എത്തിയ ഒരു ഇന്ത്യൻ ആരാധകൻ, ശിഖർ ധവാന്റെ ജേഴ്‌സി ആവശ്യപ്പെടുന്ന പ്ലക്കാർഡ് ഉയർത്തി കാണിച്ചത് ക്യാമറ കണ്ണുകളിൽപ്പെട്ടു. അന്നേരം, ഡഗ് ഔട്ടിൽ ഇരുന്നിരുന്ന ധവാൻ തന്റെ ആരാധകന്റെ പ്രവർത്തി സ്‌ക്രീനിൽ ലൈവ് ആയി കാണുകയും, തുടർന്ന് തന്റെ ജേഴ്‌സി പാതി വരെ ഊരുന്നതായി കാണിക്കുകയും ചെയ്തു. അവന്റെ പ്രവർത്തിയും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും, ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.