പരമ്പര നേട്ടത്തിന്റെ ആഘോഷത്തിൽ ശിഖർ ധവാന്റെ തകർപ്പൻ ഡാൻസ് ; പ്രതികരണം അറിയിച്ച് ബ്രയാൻ ലാറയും യുവരാജ് സിംഗും

സിംബാബ്‌വെക്കെതിരായ അവസാന മത്സരത്തിലെ 13 റൺസ് ജയത്തോടെ ഇന്ത്യ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ അനായാസ ജയം നേടിയെങ്കിലും, മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസ സെഞ്ച്വറി നേടി ഇന്ത്യക്ക് വലിയ ഭീഷണി ഉയർത്തിയിരുന്നു. എന്നിരുന്നാലും, മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ അവസാന നിമിഷം പിടിമുറുക്കിയതോടെ മത്സരം ഇന്ത്യ സ്വന്തമാക്കി.

പരമ്പര നേട്ടത്തിന് ശേഷം നടന്ന ആഘോഷ പരിപാടിക്ക് പതിവുപോലെ ശിഖർ ധവാൻ നേതൃത്വം നൽകി. ധവാനും സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ കെഎൽ രാഹുലും ചേർന്ന് നൃത്തം ചെയ്യുകയും ചെയ്തു. രാഹുൽ അൽപ്പം വലിഞ്ഞ് നിൽക്കുമ്പോൾ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം ഡാൻസ്‌ കളിച്ച് ആഘോഷിക്കുന്ന തിരക്കിലായിരുന്നു ധവാൻ. ‘കാലാ ചഷ്മ’ എന്ന ഗാനത്തിന്റെ വൈറലായ ഇൻസ്റ്റഗ്രാം റീലുകളിലുള്ള ചില നൃത്തച്ചുവടുകളാണ് ധവാൻ കളിച്ചത്.

തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഈ വീഡിയോ പങ്കുവെച്ച ധവാൻ, “ഇങ്ങനെയാണ് ഞങ്ങൾ കാലാ ചഷ്മ വിജയം ആഘോഷിക്കുന്നത്” എന്ന അടിക്കുറിപ്പും നൽകി. ധവാൻ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വൈറലായത്. ധവാന്റെ നൃത്തച്ചുവടുകൾ അടങ്ങിയ വീഡിയോക്ക്, ചില രസകരമായ പ്രതികരണങ്ങളും ലഭിച്ചു. അതോടൊപ്പം തന്നെ മുൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ യുവരാജ് സിംഗും ബ്രയാൻ ലാറയും ധവാന്റെ വീഡിയോട് പ്രതികരിച്ചു.

“കുറച്ച് ആഴ്ചകൾക്കു മുൻപ് രാത്രിയിൽ നൃത്തം ചെയ്യുന്ന സമാനമായ ഒരു കൂട്ടം ആൺകുട്ടികളെ ഞാൻ ഓർത്തു,” കുറച്ച് ആഴ്ചകൾക്ക് മുൻപ് കരീബിയനിൽ നടന്ന ഇന്ത്യക്കാരുടെ ഒരു ആഘോഷത്തെ പരാമർശിച്ച് ബ്രയാൻ ലാറ പ്രതികരിച്ചു. അതേസമയം, മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ് കളിക്കാരോട് ക്രിക്കറ്റിൽ ഉറച്ചുനിൽക്കാൻ ആവശ്യപ്പെട്ടു. പരമ്പര വിജയത്തിന് ശേഷം, ഏഷ്യ കപ്പിനുള്ള കളിക്കാർ യുഎഇയിലേക്കും ബാക്കിയുള്ളവർ ഇന്ത്യയിലേക്കും തിരിക്കും.

Rate this post