ക്യാപ്റ്റൻമാരിൽ ഇനി ആ നേട്ടം ധവാൻ സ്വന്തം!! ക്യാപ്റ്റൻ ഫിഫ്റ്റി ഷോ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ക്യാപ്റ്റന്റെ റോൾ ഏറ്റെടുത്ത ശിഖർ ധവാൻ, പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ധവാൻ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും, 99 പന്തിൽ 97 റൺസ് എടുത്ത ഓപ്പണറുടെ ബാറ്റിംഗ് പ്രകടനം ആരാധകരെ ആവേശത്തിലാക്കി.

99 പന്തിൽ 10 ഫോറും 3 സിക്സും സഹിതം 97.98 സ്ട്രൈക്ക് റേറ്റിലാണ് ധവാൻ 97 റൺസ് നേടിയത്. ശുഭ്മാൻ ഗില്ലിനൊപ്പം (64) ഓപ്പണിംഗ് വിക്കറ്റിൽ ധവാൻ 119 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. ധവാൻ തന്നെയാണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ മത്സരത്തോടുകൂടി ധവാൻ ഒരു ചരിത്ര നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്.

ഏകദിന മത്സരത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ശിഖർ ധവാൻ. 36 വയസ്സും 229 ദിവസവുമാണ് ധവാന്റെ പ്രായം. മുൻ ഇന്ത്യൻ ക്യാപ്റ്റനായ മുഹമ്മദ്‌ അസ്ഹറുദ്ധീനെയാണ് ധവാൻ മറികടന്നത്. 36 വയസ്സും 120 ദിവസവും പ്രായം ഉണ്ടാകുമ്പോഴാണ് അസ്ഹറുദ്ധീൻ ക്യാപ്റ്റനായിരിക്കുമ്പോൾ അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിന ഫോർമാറ്റിൽ അർധ സെഞ്ച്വറി നേടിയത്.

സുനിൽ ഗവാസ്‌കർ (35 വയസ്സ് 125 ദിവസം), എംഎസ് ധോണി (35 വയസ്സ് 108 ദിവസം) എന്നിവരാണ് ഈ പട്ടികയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ. ജൂലൈ 24 ഞായറാഴ്ചയാണ്‌ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരം. ഈ മത്സരത്തിലും ധവാൻ തന്റെ ഫോം തുടരും എന്ന് പ്രതീക്ഷിക്കാം.