ബംഗ്ലാദേശിനെതിരെ സിംബാബ്‌വെ പരമ്പര നേടിയത് ഇന്ത്യക്ക് ഗുണം ചെയ്യും ; കാരണം വിശദീകരിച്ച് ശിഖർ ധവാൻ

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിന് ഇന്ന് (ഓഗസ്റ്റ് 18) തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരക്ക് ഇന്ത്യൻ ടീം മികച്ച രീതിയിൽ ആണ് തയ്യാറെടുക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പര വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യ സിംബാബ്‌വെയിൽ എത്തിയിരിക്കുന്നത്. അതേസമയം, ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 പരമ്പര വിജയങ്ങൾക്ക് ശേഷമാണ് സിംബാബ്‌വെ എത്തുന്നത്.

ഇപ്പോൾ, പരമ്പരക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശിഖർ ധവാൻ, പരമ്പരയെ ഇന്ത്യൻ ടീം എങ്ങനെ കാണുന്നു എന്നതിനെ സംബന്ധിച്ചുള്ള വിശദീകരണങ്ങൾ നൽകിയിരിക്കുകയാണ്. സിംബാബ്‌വെയെ ഒരിക്കലും ചെറിയ എതിരാളികളായി കാണുന്നില്ല എന്നും, അവർ ബംഗ്ലാദേശിനെതിരെ പരമ്പര നേടിയത് നന്നായി എന്നും ശിഖർ ധവാൻ പറഞ്ഞു. കാരണം, ഇപ്പോൾ ഇന്ത്യൻ ടീമിന് അവരുടെ കരുത്ത് മനസ്സിലായി എന്നും, തങ്ങൾ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കും എന്നും ധവാൻ പറഞ്ഞു.

കെഎൽ രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് ഗുണം ചെയ്യും എന്നും, രാഹുൽ തിരിച്ചെത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും ധവാൻ പറഞ്ഞു. “ഇന്ത്യൻ ടീമിലെ ഒരു പ്രധാന കളിക്കാരനാണ് രാഹുൽ. ഏഷ്യ കപ്പിന് മുൻപേ രാഹുൽ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്, ഈ പരമ്പരയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും,” ധവാൻ പറഞ്ഞു.

ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ തുടങ്ങിയ യുവ ഓപ്പണർ വളർന്നുവരുന്നതിനെ സംബന്ധിച്ച് വെറ്ററൻ ഓപ്പണർ സംസാരിച്ചു. “ഇവരെല്ലാം മികച്ച സ്കിൽ ഉള്ള കളിക്കാരാണ്. അവർ വളർന്നു വരുന്നതിൽ ഞാൻ സന്തോഷവാനാണ്. ഇന്ന് ഇന്ത്യൻ ടീമിന് ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. അത് ഒരു ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. ഭാവിയിൽ ഇന്ത്യൻ ടീമിന് ഈ ബെഞ്ച് സ്‌ട്രെങ്ത് ഗുണം ചെയ്യും,” ധവാൻ പറഞ്ഞു.