ഇന്ത്യൻ ടീമിൽ കളിക്കാർക്ക് സ്വന്തമായി ജേഴ്സിയില്ല;സിംബാബ്‌വെക്കെതിരായ മത്സരം നിർത്തിവെച്ചു

ബിസിസിഐ ഇത്ര ദാരിദ്ര്യം നേരിടുകയാണോ? ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വീണ്ടും ഈ ചോദ്യം ആവർത്തിക്കുകയാണ്. നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കിടെയാണ്‌ ആരാധകരുടെ ഭാഗത്തുനിന്ന് പരിഹാസരൂപേണെ ഈ ചോദ്യം ഉയർന്നുവന്നത്. അന്ന്, ഇന്ത്യയുടെ ഓപ്പണർ ആയി ക്രീസിൽ എത്തിയ സൂര്യകുമാർ യാദവ്, പ്ലെയിങ് ഇലവനിൽ ഇല്ലാതിരുന്ന ഫാസ്റ്റ് ബൗളർ അർഷദീപ് സിംഗിന്റെ ജേഴ്‌സി അണിഞ്ഞാണ് മൈതാനത്തിറങ്ങിയത്.

ഇതോടെയാണ്, കളിക്കാർക്ക് ഓരോരുത്തർക്കും സ്വന്തമായി ഓരോ ജഴ്സി നൽകാൻ പോലും ബിസിസിഐക്ക് കഴിവില്ലെ എന്ന് ആരാധകർ പരിഹാസമായി ചോദിച്ചത്. എന്നാൽ, അന്ന് ഇന്ത്യൻ ടീമിന്റെ ലഗേജ്‌ എത്താൻ വൈകി എന്നായിരുന്നു ബിസിസിഐയുടെ ന്യായം. ശരി, ബിസിസിഐയുടെ ന്യായം നമുക്കും ശരിവെക്കാം. എന്നാൽ, വീണ്ടും ഈ ജേഴ്‌സി കൈമാറ്റം ആവർത്തിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണ അത് കളി അൽപ്പസമയം തടസ്സപ്പെടുത്തുന്നതിലേക്ക് വരെ നയിക്കുകയും ചെയ്തു.

സിംബാബ്‌വെക്കെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തിയ ശിഖർ ധവാൻ, ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂറിന്റെ ജേഴ്‌സി അണിഞ്ഞാണ് മൈതാനത്തിറങ്ങിയത്. സാധാരണ, 42-ാം നമ്പർ ജേഴ്‌സി അനിയാറുള്ള ശിഖർ ധവാൻ, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 54-ാം നമ്പർ ജഴ്സി അണിഞ്ഞത് ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. എന്നാൽ, കളി തുടങ്ങി അൽപ്പ നേരം കഴിഞ്ഞ ശേഷം ഇന്ത്യൻ ഓപ്പണറുടെ ജേഴ്‌സി അമ്പയറുടെ ശ്രദ്ധയിൽപ്പെട്ടു.

ഇതോടെ, അമ്പയർ കളി നിർത്തിവെക്കുകയും, തുടർന്ന് ധവാൻ അണിഞ്ഞ ജേഴ്സിയിലെ ഷാർദുൽ താക്കൂറിന്റെ പേര് ടാപ് ഒട്ടിച്ച് മറക്കുകയും ചെയ്ത ശേഷമാണ് കളി പുനരാരംഭിച്ചത്. ഈ പ്രവർത്തി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കടുത്ത അമർഷത്തിൽ ആക്കിയിട്ടുണ്ട്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇത്തരമൊരു വീഴ്ച പറ്റുന്നത് ഇന്ത്യൻ മാനേജ്മെന്റിന്റെ പിഴവായി തന്നെയാണ് ആരാധകർ കാണുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ആരാധകർ ഈ അബദ്ധത്തെ വിമർശിച്ചും പരിഹസിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.

Rate this post