Viral Video;മത്സരത്തിനിടെ ഗ്രൗണ്ടിൽ പുഷ്അപ്പ് അടിച്ച് ശിഖർ ധവാൻ ; വീഡിയോ വൈറൽ
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ആവേശകരമായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മൂന്ന് റൺസിന്റെ വിജയം. അവസാന ബോൾ വരെ നീണ്ടുനിന്ന ത്രില്ലർ മത്സരത്തിനൊടുവിൽ, മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ത്തിന്റെ ലീഡ് സ്വന്തമാക്കി. ക്യാപ്റ്റൻ ശിഖർ ധവാന്റെ ഗംഭീര ബാറ്റിംഗ് പ്രകടനം മത്സരത്തിൽ ശ്രദ്ധേയമായി. ധവാൻ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ (97), ശുഭ്മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ, നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടാനായി. കൂറ്റൻ ടോട്ടൽ നേടാൻ ആയതുകൊണ്ട് തന്നെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നിര ബൗളിങ്ങിന് ഇറങ്ങിയത്.
എന്നാൽ, രണ്ടാം വിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരായ കയ്ൽ മയേഴ്സ് (75), ഷമർ ബ്രൂക്സ് (46) എന്നിവർ സെഞ്ച്വറി കൂട്ടുകെട്ടുമായി ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർന്നു. ഷമർ ബ്രൂക്സിനെ പുറത്താക്കി ഷാർദുൽ താക്കൂർ ഇന്ത്യക്ക് ബ്രേക്ക് സമ്മാനിച്ചെങ്കിലും, തുടർന്ന് ക്രീസിലെത്തിയ ബ്രൻഡൻ കിംഗ് (54) ഇന്ത്യൻ ബൗളർമാരെ വീണ്ടും വെല്ലുവിളിച്ചു. ഒടുവിൽ യുസ്വേന്ദ്ര ചഹൽ ആണ് കിംഗിന്റെ ഭീഷണി അവസാനിപ്പിച്ചത്.
No one can take the cameras off this man @SDhawan25! When he's not batting, he's still entertaining!
Watch all the action from the India tour of West Indies LIVE, exclusively on #FanCode 👉https://t.co/RCdQk12YsM@windiescricket @BCCI#WIvIND #INDvsWIonFanCode #INDvWI pic.twitter.com/5zbTVvZXZz
— FanCode (@FanCode) July 22, 2022
അതിനിടെ, 37-ാം ഓവറിൽ രസകരമായ ഒരു സംഭവം അരങ്ങേറി. ചഹലിന്റെ ബോൾ ബ്രൻഡൻ കിംഗ് കവറിലൂടെ ഷോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ, ക്യാപ്റ്റൻ ധവാൻ ഒരു മികച്ച ഫീൽഡിംഗ് ശ്രമത്തിലൂടെ ബോൾ കൈപ്പിടിയിൽ ഒതുക്കി. തുടർന്ന്, ധവാൻ അതിന്റെ സന്തോഷം ഗ്രൗണ്ടിൽ പുഷ്അപ്പ് ചെയ്താണ് ആഘോഷിച്ചത്. ഇത് കാണികളിലും കമന്റ്റ്റര്മാരിലും ചിരി പടർത്തി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.