തോൽവിക്കൊപ്പം നാണക്കേടും 😱😱നാണക്കേടിന്റെ പട്ടികയിൽ സ്ഥാനം നേടി ഡൽഹി ക്യാപിറ്റൽസ്

ഐപിഎല്ലിൽ വ്യാഴാഴ്ച്ച മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. ഡൽഹി ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കേ ലഖ്നൗ മറികടക്കുകയായിരുന്നു.

മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 149/3 എന്ന ടോട്ടലിൽ എത്താനെ സാധിച്ചുള്ളൂ.ഇതോടെ, ഐപിഎൽ ചരിത്രത്തിലെ ഒരു മോശം റെക്കോർഡ് പട്ടികയുടെ ഭാഗമായിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്‌. ഐപിഎൽ ചരിത്രത്തിൽ പരമാവധി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ മൂന്നാമത്തെ ടോട്ടലാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ കണ്ടെത്തിയ 149/3 എന്ന ടോട്ടൽ.

നേരത്തെ, 2019-ൽ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് 139/3 എന്ന ടോട്ടലിൽ ഫിനിഷ് ചെയ്തതാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പിന്നീട്, 2012-ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പൂനെ വാരിയേഴ്സ്‌ ഇന്ത്യ നേടിയ 146/2 എന്ന ടോട്ടലാണ് ഈ പട്ടികയിൽ രണ്ടാമതായി നിൽക്കുന്നത്. ഈ മോശം റെക്കോർഡിനൊപ്പം മറ്റൊരു നാണക്കേടും ഡൽഹി ക്യാപിറ്റൽസിനെ തേടിയെത്തിയിട്ടുണ്ട്.

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ 150 റൺസിന് താഴെയുള്ള ഒരു ടോട്ടൽ ഡെൽഹി ക്യാപിറ്റൽസിന് പ്രതിരോധിക്കാൻ ആയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും, ഐപിഎൽ 2022-ൽ മൂന്ന് മത്സരങ്ങൾ കളിച്ച ഡൽഹി, ഒരു ജയത്തിന്റെ അകമ്പടിയോടെ രണ്ട് പോയിന്റുമായി 7-ാം സ്ഥാനത്താണ്. ഏപ്രിൽ 10-ന് കോൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെയാണ്‌ ഡൽഹിയുടെ അടുത്ത മത്സരം.