ഈ ടീം കട്ട സ്ട്രോങ്ങാണ് 😱 റിഷാബ് പന്തും ടീമും ഡബിൾ സ്ട്രോങ്ങ്‌

ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ജേതാക്കളാവാത്ത ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസ്‌. അതുകൊണ്ട് തന്നെ, ഐപിഎൽ 2022 താരലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി, ഒരു തകർപ്പൻ ടീമിനെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ വന്ന ഡൽഹി, ലേലത്തിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് എന്ന് തന്നെ പറയാം. എല്ലാ കാലത്തും യുവതാരങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന ഫ്രാഞ്ചൈസി, ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.

നേരത്തെ, ഡൽഹി നിലനിർത്തിയ പ്രിത്വി ഷാ, റിഷഭ് പന്ത് എന്നിവർക്കൊപ്പം, ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റർ ഡേവിഡ് വാർണർ, വിൻഡീസ് പവർ ഹിറ്റർ റോവ്മാൻ പവൽ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, ഇന്ത്യൻ താരം മന്ദീപ് സിംഗ് എന്നിവർ ചേരുമ്പോൾ, ഡൽഹിയുടെ ഏറ്റവും ശക്തമായ ഡിപ്പാർട്മെന്റുകളിൽ ഒന്ന് ബാറ്റിംഗ് തന്നെയാണ് എന്ന് നിസ്സംശയം പറയാം. എന്നിരുന്നാലും, ശിഖർ ധവാൻ പോയ ഒഴിവിലേക്ക് ഒരു സീനിയർ ഇന്ത്യൻ ബാറ്ററെ കണ്ടെത്താൻ കഴിയാതിരുന്നത് ലേലത്തിൽ ഫ്രാഞ്ചൈസിക്ക്‌ പറ്റിയ പോരായ്മയാണ്.

ഡൽഹി ലേലത്തിൽ സ്വന്തമാക്കിയ ഓൾറൗണ്ടർമാരെ പരിശോധിച്ചാൽ, അതിൽ ഇന്ത്യൻ യുവതാരങ്ങളുടെ വ്യക്തമായ ആധിപത്യം കാണാൻ കഴിയും. 2022 ഐസിസി അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ യാഷ് ദുൽ, ലോകകപ്പ്‌ ടീമിന്റെ ഭാഗമായിരുന്ന വിക്കി ഓസ്‌ത്വാൽ, കമലേഷ് നഗർകോട്ടി, ലളിത് യാദവ്, സർഫ്രാസ് ഖാൻ തുടങ്ങിയ താരങ്ങളെയാണ് ഡൽഹി ടീമിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഇടം നേടിയത്. നേരത്തെ, ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലിനെ ഡൽഹി നിലനിർത്തിയിരുന്നു.

ബൗളിംഗ് ഡിപ്പാർട്മെന്റിലേക്ക് വന്നാൽ, ടീം വിട്ടുപോയ സ്റ്റാർ പേസർ കാഗിസോ റബാഡയ്ക്ക് പകരം, ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിടിയെ ആണ് ഫ്രാഞ്ചൈസി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ, ഇന്ത്യൻ പേസർമാരായ ഷാർദുൽ താക്കൂർ, ഖലീൽ അഹ്‌മദ്‌, ചേതൻ സക്കറിയ എന്നിവരെയും ഡൽഹി ടീമിൽ എത്തിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കൻ പേസർ നോർട്ജെയെ ടീം നിലനിർത്തുകയും ചെയ്തിരുന്നു. എന്നാൽ, സ്പിൻ ബൗളർമാരുടെ കാര്യമെടുത്താൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ മാത്രമാണ് ടീം സ്വന്തമാക്കിയത് എന്ന് ശ്രദ്ധേയമാണ്. എന്നിരുന്നാലും, അക്സർ പട്ടേൽ കൂടി വരുമ്പോൾ സ്പിൻ യൂണിറ്റും ബാലൻസ് ചെയ്യാം എന്ന പ്രതീക്ഷയിലാണ് ഡൽഹി.