ആൾക്കൂട്ടത്തിനിടയിൽ ഭീ തി പടർത്തി ദീപക് ഹൂഡ ; പണി കിട്ടിയത് പോലീസുകാരന്

മൈതാനത്തിന് അകത്തും പുറത്തും ഒരുപോലെ ആവേശം നിറഞ്ഞ എലിമിനേറ്റർ മത്സരത്തിനൊടുവിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെ 14 റൺസിന് മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഇടം നേടി. ഇതോടെ തങ്ങളുടെ ആദ്യ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടുക എന്ന ലഖ്നൗ സൂപ്പർ ജിയന്റ്സിന്റെ മോഹം കെട്ടടഞ്ഞു. സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയ യുവ ബാറ്റർ രജത് പാട്ടിദാർ ആണ് മത്സരത്തിലെ താരം.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുവ ബാറ്റർ രജത് പാട്ടിദാറിന്റെ (112) സെഞ്ച്വറിയുടെയും വെറ്റെറൻ വിക്കിറ്റ് കീപ്പർ – ബാറ്റർ ദിനേശ് കാർത്തിക്കിന്റെ (23 പന്തിൽ 37) ഫിനിഷിംഗ് മികവിന്റെയും കരുത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ സൂപ്പർ ജിയന്റ്സിന് വലിയൊരു തിരിച്ചടിയോടെ ആയിരുന്നു തുടക്കം.മറുപടി ബാറ്റിംഗിൽ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ (6) ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് പുറത്താക്കി.

തുടർന്ന്, ക്രീസിലെത്തിയ മനൻ വോഹ്റ (19) റൺസിന് ജോഷ് ഹേസൽവുഡിന്റെ ബോളിൽ ഷഹബാസ് അഹമ്മദിന് ക്യാച്ച് നൽകി മടങ്ങി. എന്നിരുന്നാലും, ക്യാപ്റ്റൻ കെഎൽ രാഹുലിനൊപ്പം (79), ദീപക് ഹൂഡയും (26 പന്തിൽ 45) ചേർന്ന് എൽഎസ്ജി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.രണ്ട് ബാറ്റർമാരും ഇന്നിംഗ്‌സിന് ആക്കം കൂട്ടാൻ ശ്രമിച്ചു, ഷഹബാസ് അഹമ്മദ് എറിഞ്ഞ എട്ടാം ഓവറിൽ ഹൂഡയാണ് വെടിക്കെട്ടിന് മുൻകൈ എടുത്തത്. ഓവറിലെ അഞ്ചാം ബോൾ, എക്സ്ട്രാ കവറിന് മുകളിലൂടെ സ്റ്റാൻഡിലേക്ക് പറത്തിയാണ് ഹൂഡ ആക്രമണം അഴിച്ചുവിട്ടത്.

എന്നാൽ, ഹൂഡയുടെ സിക്സർ സ്റ്റാൻഡിൽ എത്തിയപ്പോൾ, ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ഒരു പോലീസുകാരൻ പന്ത് പിടിക്കാൻ ശ്രമിച്ചു. പന്ത് അദ്ദേഹത്തിന്റെ വിരലുകളിൽ തട്ടി കടന്നുപോയതിനാൽ, ആ പോലീസുകാരൻ വേദന സഹിക്കാനാവാതെ കൈ കുലുക്കുന്നത് റിപ്ലൈ ദൃശ്യങ്ങളിൽ കണ്ടു. അതേസമയം, ഇത്തരം ബോളുകൾ പിടിക്കാൻ ശ്രമിക്കരുതെന്നും ഒഴിഞ്ഞു മാറണമെന്നും കമന്റെറ്റർമാർ പറഞ്ഞു.

Rate this post