ഹണിമൂണിന് ഒരുങ്ങുന്ന ദീപക് ചാഹറിന് രസകരമായ ആശംസകൾ പങ്കുവെച്ച് സഹോദരി ;ഹിറ്റാക്കി ക്രിക്കറ്റ് ലോകം

ഇന്ത്യയുടെ യുവ വാഗ്ദാനമായ ഫാസ്റ്റ് ബൗളറാണ് ദീപക് ചാഹർ. കഴിഞ്ഞ ദിവസമായിരുന്നു ദീപക് ചാഹറിന്റെ വിവാഹം നടന്നത്. ജയ ഭരദ്വാജാണ് വധു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2021 സീസണിൽ, പഞ്ചാബ് കിംഗ്‌സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മത്സരത്തിനിടെയാണ് ഇരുവരുടെയും പ്രൊപ്പോസൽ നടന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയകളിലടക്കം വൈറലായിരുന്നു.

ഇപ്പോൾ, വിവാഹതനായ ദീപക് ചാഹറിന്, സഹോദരി മാൽതി ചാഹർ പങ്കുവെച്ച രസകരമായ ആശംസയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലായ ദീപക് ചാഹർ മൈതാനത്ത് നിന്നും വിട്ടു നിൽക്കുകയാണ്. ഈ വർഷം ആദ്യം നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിടെയാണ്‌ ബൗളർക്ക് പരിക്കേറ്റത്. ഇതോടെ ഐപിഎൽ 2022 സീസൺ മുഴുവനായും ദീപക് ചാഹറിന് നഷ്ടമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് 14 കോടി രൂപയ്ക്കായിരുന്നു ചാഹറിനെ സ്വന്തമാക്കിയിരുന്നത്.

പരിക്കേറ്റ ബൗളർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ, സുഖം പ്രാപിക്കുന്നതിനിടെ ചാഹറിന് നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. തൽഫലമായി, ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ കളിക്കാനും ദീപക് ചാഹറിന് കഴിയില്ല.

ഇതിനിടെയാണ്, ഹണിമൂണിന് പോകാൻ തയ്യാറെടുക്കുന്ന നവദമ്പതികൾക്ക് ദീപക് ചാഹറിന്റെ സഹോദരി മാൽതി ചാഹർ ആശംസകൾ അറിയിച്ചത്. നവദമ്പതികളുടെ ചിത്രം പങ്കുവച്ചുകൊണ്ട് “നിങ്ങൾക്ക് വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ആശംസിക്കുന്നു. ദീപക് ചാഹർ, നിങ്ങളുടെ മധുവിധു വേളയിൽ നിങ്ങളുടെ പുറകുവശം ശ്രദ്ധിക്കുക, ലോകകപ്പ് മുന്നിലുണ്ട്” എന്നാണ് മാൽതി ചാഹർ കുറിച്ചത്.