രാഹുൽ ദ്രാവിഡ് ആശാനായപ്പോൾ ശിഷ്യന്മാർ മാന്യത പഠിച്ചു;സിംബാബ്‌വെ ബാറ്ററെ പുറത്താക്കിയിട്ടും അപ്പീൽ ചെയ്യാതെ ദീപക് ചാഹർ

ഇന്ത്യ സിംബാബ്‌വെ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 13 റൺസിന്റെ ജയം. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി, പരമ്പരയിലെ അവസാന മത്സരത്തിൽ സിംബാബ്‌വെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ശുഭ്മാൻ ഗില്ലിന്റെ (128) സെഞ്ച്വറിയുടെ മികവിൽ ആദ്യം ബാറ്റ് ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് നേടിയത്. ശേഷം, 290 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ ഇന്നിംഗ്സിന്റെ ആദ്യ ബോളിൽ തന്നെ ദീപക് ചാഹർ ഒന്ന് ഞെട്ടിച്ചു.

ടാകുട്സ്വാനാഷേ കൈറ്റാനൊയും ഇന്നസെന്റ് കൈയ്യയുമാണ് സിംബാബ്‌വെയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ ബോൾ നേരിടാൻ കൈറ്റാനൊ സ്ട്രൈക്കിൽ ആയിരുന്നപ്പോൾ, നോൺ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഇന്നസെന്റ് കൈയ്യയുടെ വിക്കറ്റ് വീഴ്ത്താനുള്ള അവസരമാണ് ദീപക് ചാഹറിന് വന്ന് ചേർന്നത്. ദീപക് ചാഹർ ആദ്യ ബോൾ എറിയാനായി ഫോളോ നടത്തുമ്പോഴതെക്കും, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന ഇന്നസെന്റ് കൈയ്യ ക്രീസ് വിടുകയായിരുന്നു.

ഇത്‌ ശ്രദ്ധയിൽപ്പെട്ട ദീപക് ചാഹർ, നോൺ സ്ട്രൈക്ക് എൻഡിലെ ബയിൽസ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, ചാഹർ വിക്കറ്റിന് വേണ്ടി അപ്പീൽ ചെയ്യാതിരുന്നത് കൊണ്ട്, അമ്പയർ വിക്കറ്റ് പരിഗണിച്ചില്ല. സിംബാബ്‌വെ ബാറ്റർക്ക് ഒരു മുന്നറിയിപ്പ് നൽകുക എന്ന് മാത്രമായിരുന്നു ദീപക് ചാഹറിന്റെ ഉദ്ദേശം. മങ്കാദിംഗ് യഥാർത്ഥത്തിൽ നിയമവിധേയമാണെങ്കിലും, അത് ഒരു മാന്യതയില്ലാത്ത പ്രവർത്തിയായി ആണ് പൊതുവേ കണക്കാക്കപ്പെടുന്നത്.

സാധാരണ, ബൗളർമാർ ഒരുതവണ വാണിംഗ് നൽകിയ ശേഷവും വീണ്ടും അതേ ബാറ്റർ തന്നെ വീണ്ടും അതേ പ്രവർത്തി ആവർത്തിക്കുകയാണെങ്കിൽ മാത്രമേ ബൗളർമാർ മങ്കാദിംഗ് ചെയ്യാറുള്ളൂ. എന്നാൽ, ഇന്നസെന്റ് കൈയ്യക്ക് ദീപക് ചാഹറിന്റെ വിക്കറ്റ് ആകാൻ തന്നെയായിരുന്നു വിധി. തന്റെ അടുത്ത് ഓവർ എറിയാൻ എത്തിയ ദീപക് ചാഹർ, വിക്കറ്റിന് മുന്നിൽ കുടുക്കി 9 പന്തിൽ 6 റൺസെടുത്ത് ഇന്നസെന്റ് കൈയ്യയെ പുറത്താക്കി.