പഞ്ചാബിനെ വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ആര്? തുടർച്ചയായി വിക്കറ്റ് വീഴ്ത്തി ദർശൻ നാൽകണ്ടെ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം ഗംഭീരമാക്കി യുവ മഹാരാഷ്ട്രൻ പേസർ ദർശൻ നാൽകണ്ടെ. ഇന്നിംഗ്സിന്റെ തുടക്കം പാളിയ പഞ്ചാബ് കിംഗ്സിനായി നാലാം വിക്കറ്റിൽ ലിയാം ലിവിങ്സ്റ്റണും ജിതേഷ് ശർമ്മയും മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നിതിനിടെ, ജിതേഷ് ശർമ്മയെ പുറത്താക്കി ആ കൂട്ടുകെട്ട് തകർത്ത് ഗുജറാത്തിന് ബ്രേക്ക്‌ നൽകിയാണ് നാൽകണ്ടെ തന്റെ വരവറിയിച്ചത്.

11 പന്തിൽ 23 റൺസെടുത്ത ജിതേഷ് ശർമ്മയെ ശുഭ്മാൻ ഗില്ലിന്റെ കൈകളിൽ സുരക്ഷിതമായി എത്തിച്ചാണ് ദർശൻ നാൽകണ്ടെ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ, തൊട്ടടുത്ത പന്തിൽ അപകടകാരിയായ ഒഡിയൻ സ്മിത്തിനെ ഗോൾഡൻ ഡക്കിന് പുറത്താക്കി ദർശൻ നാൽകണ്ടെ തന്റെ തുടക്കം ഗംഭീരമാക്കി. 3 ഓവറിൽ 37 റൺസ് വഴങ്ങി 2 വിക്കറ്റ് ആണ് പേസർ സ്വന്തമാക്കിയത്.

ഐപിഎൽ 2022 മെഗാ ലേലത്തിനിടെ വിദർഭ പേസ് ബൗളർ ദർശൻ നാൽകണ്ടെയെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. 1998 ഒക്ടോബർ 4-ന് മഹാരാഷ്ട്രയിലാണ് നാൽകണ്ടെ ജനിച്ചത്, എന്നാൽ വിദർഭ ടീമിന് വേണ്ടിയാണ്‌ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. 2019 ഫെബ്രുവരിയിൽ ഹിമാചൽ പ്രദേശിനെതിരെ വിദർഭയ്‌ക്കായി ടി20 അരങ്ങേറ്റം കുറിച്ച പേസർ, ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

വെറും 22 ടി20 മത്സരങ്ങൾ കളിച്ച, ദർശൻ നാൽകണ്ടെ 8-ൽ താഴെ ഇക്കണോമിയിൽ മൊത്തം 43 വിക്കറ്റുകൾ വീഴ്ത്തി. 9 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയതാണ് യുവ താരത്തിന്റെ കരിയർ ബെസ്റ്റ്. വലംകൈയ്യൻ പേസർ, ബാറ്റുകൊണ്ടും മികച്ച സംഭാവന നൽകാൻ കഴിയുന്ന താരമാണ്.