ഗാംഗുലിയുടെ നിർദേശത്തെ ധിക്കരിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ; രഞ്ജി ട്രോഫി കളിക്കില്ലെന്ന് പാണ്ഡ്യ

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറി. ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ്‌ ടീമിലേക്ക് തിരിച്ചുവരുന്നതിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രഞ്ജി ട്രോഫിയിൽ നിന്നുള്ള പിന്മാറ്റം എന്നാണ് വിശദീകരണം. ഹാർദിക്കിന്റെ പിന്മാറ്റത്തോടെ ഇന്ന് (തിങ്കളാഴ്ച്ച) പ്രഖ്യാപിച്ച ബറോഡ ടീമിന്റെ നായകനായി കേദാർ ദേവ്ധറിനെ തിരഞ്ഞെടുത്തു.

ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ് അസോസിയേഷൻ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വിഷ്ണു സോളങ്കിയെ ദേവ്ധറിന്റെ ഡെപ്യൂട്ടി ആയി തിരഞ്ഞെടുത്തു. ബറോഡയുടെ 20 അംഗ സ്ക്വാഡിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ച ഹാർദിക്കിന്റെ തീരുമാനത്തെ ക്രിക്കറ്റ്‌ ലോകം ധിക്കാരപരമായിയാണ് കാണുന്നത്. കാരണം, കഴിഞ്ഞ ആഴ്ച പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രഞ്ജി ട്രോഫിയിൽ ഓൾറൗണ്ടർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ, കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറം വേദനയെ തുടർന്ന് എല്ലാ തരം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ഹാർദിക്, രഞ്ജി ട്രോഫിയിൽ നിന്ന് കൂടി വിട്ടുനിന്നതോടെ, അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങി വരവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പരിക്കിനെ തുടർന്ന് 2018-ന് ശേഷം ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും, 2021 ടി20 ലോകകപ്പിന് ശേഷവും പരിമിത ഓവർ ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ഹാർദിക്ക്, രഞ്ജി ട്രോഫിയിലൂടെ തിരിച്ചു വരും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷകൾക്കാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്.

എന്നിരുന്നാലും, ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുതായി ചേർന്ന അഹമ്മദാബാദ് ഫ്രാഞ്ചൈസിയിൽ ക്യാപ്റ്റനായി ഉൾപ്പെട്ട ഹാർദിക് ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് എന്നാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം വിലയിരുത്തുന്നത്. എന്നാൽ, ഹാർദിക്കിന്റെ സഹോദരൻ ക്രുണാൽ പാണ്ഡ്യ ബറോഡ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്