സഞ്ജുവിനെ കൂടാതെ രണ്ട് മലയാളി ക്രിക്കറ്റ്‌ താരങ്ങൾ പേരുമായി ദാദ!!! അനന്തപുരിയിൽ സൗരവ് ഗാംഗുലി വാക്കുകൾ കേട്ടോ??

സഞ്ജു സാംസൺ ഇപ്പോഴും ടീം ഇന്ത്യയുടെ ഭാഗമാണ് എന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കണ്ട ബിസിസിഐ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഏഷ്യ കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്താതിരുന്ന സഞ്ജുവിനെ, പുരോഗമിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നിന്നും, അടുത്തമാസം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്നും സെലക്ടർമാർ തഴഞ്ഞിരുന്നു. ഇതോടെ, കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയ ഗാംഗുലി ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങളാണ്.

സഞ്ജു അടുത്തിടെ ഇന്ത്യൻ ടീമിൽ കളിച്ചിരുന്നു എന്നും, ഇപ്പോഴും ടീം പ്ലാനിന്റെ ഭാഗമാണ് എന്നും പറഞ്ഞ ദാദ, സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും പറഞ്ഞു. ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ചും ഗാംഗുലി പറഞ്ഞു. സഞ്ജു ഐപിഎൽ മികച്ച രീതിയിൽ കളിക്കുന്നുണ്ട് എന്നും, സഞ്ജു ഇപ്പോൾ ഒരു ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് എന്നും ഗാംഗുലി പറഞ്ഞു.

അതേസമയം, കേരളത്തിൽനിന്ന് ഇപ്പോൾ നിരവധി ക്രിക്കറ്റർമാർ വളർന്നുവരുന്നുണ്ട് എന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. രോഹൻ കുന്നുമ്മൽ വളരെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് എന്ന് പറഞ്ഞ മുൻ ഇന്ത്യൻ ക്യാപ്റ്റൻ, ഇതുപോലെ ഒരുപാട് പ്രതിഭകൾ കേരളത്തിലുണ്ട് എന്നും അഭിപ്രായപ്പെട്ടു. ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിയുടെ പേരും സൗരവ് ഗാംഗുലി പരാമർശിച്ചു. അതേസമയം കേരളത്തിന്റെ ക്രിക്കറ്റ് ആരാധകരെ കുറിച്ച് ദാദ തമാശ രൂപേണെ ഒരു കാര്യം കൂടി പറഞ്ഞു.

കേരളം ഇപ്പോൾ ഫുട്ബോളിന് മാത്രം പ്രാധാന്യം നൽകുന്ന സംസ്ഥാനം അല്ല എന്നാണ് സൗരവ് ഗാംഗുലി ചിരിച്ചുകൊണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതിനുമുമ്പ് തിരുവനന്തപുരത്ത് വന്നിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, വ്യക്തിപരമായ ഒരു കാര്യത്തിന് വളരെ മുമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നു എന്ന് സൗരവ് ഗാംഗുലി മറുപടി പറഞ്ഞു. ബിസിസിഐ പ്രസിഡന്റിന്റെ വാക്കുകൾ വിശ്വാസത്തിൽ എടുത്താൽ, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺന്റെ ബാറ്റിംഗ് മലയാളികൾക്ക് കാണാം.