നാട്ടിൽ തങ്ങളെ തോൽപ്പിക്കാൻ മറ്റാരും വളർന്നിട്ടില്ല…….സൂപ്പർ ജയം പോയിന്റ് ടേബിളിൽ പറന്ന് ചെന്നൈ സൂപ്പർ കിങ്സ്

തങ്ങളുടെ നാട്ടിൽ തങ്ങളെ തോൽപ്പിക്കാൻ മറ്റാരും വളർന്നിട്ടില്ല എന്ന് വിളിച്ചോതുന്ന വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയാണ് ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിൽ 7 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ചെന്നൈ നേടിയത്. ബോളിങ്ങിൽ ചെന്നൈക്കായി രവീന്ദ്ര ജഡേജയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബാറ്റിങ്ങിൽ ചെന്നൈയുടെ ഓപ്പണർമാരും നിറഞ്ഞാടിയപ്പോൾ മത്സരത്തിൽ ചെന്നൈ അനായാസം വിജയം കാണുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യമുണ്ടാകും എന്ന കാഴ്ചപ്പാടിയിൽ നിന്നായിരുന്നു ധോണിയുടെ ഈ തീരുമാനം. വലിയ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ബ്രുക്കും(18) അഭിഷേക് ശർമയും(34) ചേർന്ന് ഹൈദരാബാദിന് നൽകിയത്. ശേഷമെത്തിയ ത്രിപാതിയും(21) ക്രീസിലുറച്ചെങ്കിലും സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ഒപ്പം ഒരുവശത്ത് രവീന്ദ്ര ജഡേജ ഹൈദരാബാദിന്റെ വിക്കറ്റുകൾ ഓരോന്നായി പിഴുതെറിയുകയും ചെയ്തു. അവസാന ഓവറുകളിലും വമ്പനടികൾ സ്വന്തമാക്കാൻ സാധികാതെ വന്ന ഹൈദരാബാദ് ഇന്നിങ്സ് കേവലം 134 റൺസിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഒരു തകർപ്പൻ തുടക്കമാണ് ചെന്നൈക്ക് ഓപ്പണർമാരായ ഗെയ്ക്ക്വാഡും കോൺവെയും നൽകിയത്. താരതമ്യേന ചെറിയ സ്കോറാണ് പിന്തുടർന്നതെങ്കിലും പവർപ്ലെയിൽ വെടിക്കെട്ട് ബാറ്റിംഗ് തീർക്കാൻ ചെന്നൈ ഓപ്പണർമാർക്ക് സാധിച്ചു. ഇതോടെ ഹൈദരാബാദിന്റെ കയ്യിൽ നിന്നും മത്സരം വഴുതി പോവുകയായിരുന്നു. ചെന്നൈയ്ക്കായി ഓപ്പണർ കോൺവെ 57 പന്തുകളിൽ 77 റൺസ് ആണ് നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 1 സിക്സറും ഉൾപ്പെട്ടു. ഗെയ്ക്ക്വാഡ് 30 പന്തുകളിൽ 35 റൺസ് നേടുകയുണ്ടായി. എന്നാൽ ഋതുരാജ് പുറത്തായതിനു ശേഷമെത്തിയ രഹാനെയും(9) അമ്പട്ടി റായുഡുവും(9) ഞൊടിയിടയിൽ കൂടാരം കയറി. പക്ഷേ കോൺവെ ക്രീസിൽ തുടർന്ന് മത്സരത്തിൽ ചെന്നൈയെ വിജയിപ്പിക്കുകയായിരുന്നു.

മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. ചെന്നൈയുടെ ഈ സീസണിലെ നാലാം വിജയമാണിത്. ഇതുവരെ 2 മത്സരങ്ങളിൽ മാത്രമാണ് ചെന്നൈ പരാജയപ്പെട്ടിരിക്കുന്നത്. മാത്രമല്ല പരിക്കുമൂലം ഒരുപാട് സൂപ്പർതാരങ്ങൾ മാറി നിൽക്കുന്നത് ചെന്നൈയെ ബാധിക്കുന്നില്ല എന്നത് വലിയ കാര്യം തന്നെയാണ്. മറുവശത്ത് ഹൈദരാബാദിനെ സംബന്ധിച്ച് തങ്ങളുടെ ബാറ്റർമാർ സ്ഥിരതപുലർത്താത്തത് വലിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.

Rate this post