ജയിച്ചു പ്ലേഓഫിലേക്ക് റോയൽ എൻട്രി… ചെന്നൈ പടക്ക് മാസ്സ് ജയം

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിലേക്ക് കുതിച്ചുകയറി ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ 77 റൺസിന്റെ വിജയം നേടിയാണ് ചെന്നൈ പ്ലെയോഫിലെത്തിയിരിക്കുന്നത്. 2023 ഐപിഎല്ലിന്റെ പ്ലേയോഫീലെത്തുന്ന രണ്ടാമത്തെ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മുൻപ് ഹർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ് പ്ലേയോഫ് സ്ഥാനം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ മുൻനിര ബാറ്റർമാരുടെ പക്വതയാർന്ന പ്രകടനമാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ചെന്നൈക്ക് ഋതുരാജും കോൺവെയും നൽകിയത്. പവർപ്ലേ ഓവറുകളിൽ സാധാരണ പോലെ തന്നെ അടിച്ചു തകർക്കുകയായിരുന്നു ഇരുവരും. ആദ്യ വിക്കറ്റിൽ 141 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. കോൺവെ 52 പന്തുകളിൽ 11 ബൗണ്ടറികളും മൂന്ന് സീക്സറുകളും ഉൾപ്പെടെ 87 റൺസാണ് നേടിയത്. ഋതുരാജ് 50 പന്തുകളിൽ മൂന്ന് ബൗണ്ടറികളും 7 സിക്സറുകളുമടക്കം 79 റൺസ് നേടി. മൂന്നാമനായെത്തിയ ശിവം ദുബെ 9 പന്തുകളിൽ 22 റൺസും രവീന്ദ്ര ജഡേജ 7 പന്തുകളിൽ 20 റൺസും നേടി മികച്ച ഫിനിഷിംഗ് നടത്തിയതോടെ ചെന്നൈ 223 എന്ന സ്കോറിൽ എത്തുകയായിരുന്നു.

വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ പണി പാളുന്നതാണ് കണ്ടത്. പൃഥ്വി ഷാ(5) ഫിൽ സോൾട്ട്(3) റൂസോ(0) എന്നിവർ പവർപ്ലേ ഓവറുകളിൽ തന്നെ കൂടാരം കയറിയത് ഡൽഹിയെ ബാധിച്ചു. ഒരു വശത്ത് ഡേവിഡ് വാർണർ ഒരു നായകന്റെ ഇന്നിംഗ്സ് കാഴ്ചവച്ചപ്പോൾ മറുവശത്ത് വിക്കറ്റുകൾ തുരുതുരാ വീഴുന്നതാണ് കണ്ടത്. വാർണർ ഒഴികെയുള്ള മറ്റൊരു ഡൽഹി ബാറ്റർക്കും കൃത്യമായി രീതിയിൽ സംഭാവന നൽകാൻ സാധിച്ചില്ല.

ഇതിനൊപ്പം കൃത്യമായ സമയത്ത് സ്കോറിംഗ് റേറ്റ് ഉയർത്താൻ സാധിക്കാതേ വന്നതും ഡൽഹിയെ ബാധിക്കുകയായിരുന്നു. മത്സരത്തിൽ ഡൽഹിക്കായി ഒറ്റയാൾ പോരാട്ടം നയിച്ച ഡേവിഡ് വാർണർ 58 പന്തുകളിൽ 86 റൺസ് ആണ് നേടിയത്. ഇന്നിങ്സിൽ 7 ബൗണ്ടറുകളും 5 സിക്സറുകളും ഉൾപ്പെട്ടു. നിർണായകമായ മത്സരത്തിൽ 77 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേടിയിരിക്കുന്നത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേയോഫിൽ സ്ഥാനം കണ്ടെത്താൻ സാധിക്കാതെ വന്ന ചെന്നൈയെ സംബന്ധിച്ച് വലിയൊരു തിരിച്ചുവരവ് തന്നെയാണ് 2023 സീസണിൽ നടന്നിരിക്കുന്നത്.

Rate this post