അടിക്കാതെ ഒറ്റ ഓട്ടവുമായി ധോണി : റൺ ഔട്ടിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ഐപിഎൽ 15-ാം പതിപ്പിലെ രണ്ടാം എൽക്ലാസ്സിക്കോയിൽ മുംബൈ ഇന്ത്യൻസ്‌ ബൗളിംഗിന് മുന്നിൽ തകർന്ന് തരിപ്പണമായി നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിൽ, ബാറ്റിംഗ് മറന്ന സിഎസ്കെ ബാറ്റർമാർ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ, 16 ഓവർ പിന്നിട്ടപ്പോഴേക്കും സിഎസ്കെ 97 റൺസിന് ഓൾഔട്ട് ആയി.

ഓപ്പണർ ഡെവോൺ കോൺവെ (0), മൊയീൻ അലി (0) എന്നിവർ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ തന്നെ പുറത്തായപ്പോഴേ സിഎസ്കെയുടെ തകർച്ചയ്ക്ക് തുടക്കമായി. തുടർന്ന്, റോബിൻ ഉത്തപ്പ (1), ഋതുരാജ് ഗെയ്ക്വാദ് (7) എന്നിവർ ഓരോരുത്തരായി തുടർച്ചയായ ഓവറുകളിൽ കൂടാരം കയറിയതോടെ, ഇന്നിംഗ്സിന്റെ 5-ാം ഓവറിൽ തന്നെ ക്യാപ്റ്റൻ എംഎസ് ധോണി ക്രീസിലെത്തി.

ഒരു എൻഡിൽ ക്യാപ്റ്റൻ തന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചപ്പോഴും, മറുതലക്കൽ കൊഴിഞ്ഞുപോക്കുകൾ തുടർന്നുക്കൊണ്ടിരുന്നു. അമ്പാട്ടി റായിഡു (10), ശിവം ദുബെ (10), ഡയ്ൻ ബ്രാവോ (12) എന്നിവരാരയും ധോണിക്ക് തുണ നിൽക്കാതെ വന്നപ്പോൾ, ധോണി സിഎസ്കെ ബാറ്റിംഗിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും ചുമലിലേറ്റി ആഞ്ഞടിക്കാൻ തുടങ്ങി. എന്നിരുന്നാലും വാലറ്റത്തും, സിമർജീത് സിംഗ് (2), മഹേഷ്‌ തീക്ഷണ (0) എന്നിവർ ക്രീസിൽ നിലയുറപ്പിക്കാതെ മടങ്ങിയതോടെ സിഎസ്കെ തകർച്ച പൂർണ്ണമായി.

ഒടുവിൽ പതിനൊന്നാമനായ മുകേഷ് ചൗധരിയെ (4) കാഴ്ച്ചക്കാരനാക്കി ധോണി ഒറ്റയ്ക്ക് സിഎസ്കെ സ്കോർ ബോർഡിൽ സ്കോർ ഉയർത്തി. എന്നാൽ, ഇന്നിംഗ്സിന്റെ 16-ാം ഓവറിലെ അവസാന ബോൾ, അടുത്ത ഓവറിൽ സ്ട്രൈക്ക് വീണ്ടെടുക്കാനായി ധോണി അതിവേഗം ഒരു സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ, മുകേഷ് ചൗധരിക്ക് ക്രീസ് എത്താനായില്ല. അതോടെ, 33 പന്തിൽ 4 ഫോറും 2 സിക്സും സഹിതം 36* റൺസെടുത്ത് ധോണി അപരാജിതനായി പാവലിയനിലേക്ക് മടങ്ങി.