പുതിയ ക്യാപ്റ്റൻ പുതിയ ടീം കിരീടം ചെന്നൈക്ക് തന്നെ :മുന്നറിയിപ്പ് നൽകി ചെന്നൈ കോച്ച്

നാല് തവണ ഐപിഎൽ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ 2022 സീസണിൽ പുതിയ ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഒരുപിടി പുതിയ താരങ്ങളുമായിയാണ് ഇറങ്ങുന്നത്. ഐപിഎൽ ആദ്യ സീസൺ മുതൽ സിഎസ്കെ നായകനായിരുന്ന ധോണി, നായകസ്ഥാനം ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചു എന്ന വാർത്ത അൽപ്പം മുമ്പാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഔദ്യോഗികമായി അറിയിച്ചത്.

ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു എന്ന പ്രഖ്യാപനം സിഎസ്കെ ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ചുവെങ്കിലും, ധോണി ടീമിൽ തുടരുമ്പോൾ തന്നെ പുതിയ ക്യാപ്റ്റനായി ജഡേജയെ നിയമിച്ചത്, ഇതിനുമുമ്പ് ക്യാപ്റ്റനായി പരിചയമില്ലാത്ത ജഡേജയെ മികച്ച ക്യാപ്റ്റനായി വളർത്തിയെടുക്കാൻ സഹായകമാകും എന്നൊരു അഭിപ്രായം കൂടിയുണ്ട്. എന്തുതന്നെ ആയാലും, പുതിയ താരങ്ങളിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതാണ് പരിശീലകൻ സ്റ്റീഫൻ ഫ്ലമിങ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

cropped-msd-7.webp

ടീമിലേക്ക് പുതിയതായി എത്തിയ താരങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ഫ്ലമിങ്, ന്യൂസിലാൻഡ് താരങ്ങളെ പ്രത്യേകം പരാമർഷിക്കുകയും ചെയ്തു. ഡെവോൺ കോൺവെ, മിച്ചൽ സാന്റനെർ, ആദം മിൽനെ എന്നിവരിൽ ടീമിന് ഒരുപാട് പ്രതീക്ഷകൾ ഉണ്ട് എന്ന് ഫ്ലമിങ് പറഞ്ഞു. എന്നിരുന്നാലും, ഫാഫ് ഡ്യൂപ്ലസിസ്, ഷാർദുൽ താക്കൂർ തുടങ്ങിയ താരങ്ങളെ നഷ്ടപ്പെട്ടതിലുള്ള നിരാശയും ഫ്ലമിങ് പ്രകടിപ്പിച്ചു.

പക്ഷെ, അവരുടെ അഭാവം മറികടക്കാൻ കെൽപ്പുള്ള താരങ്ങൾ ടീമിനോപ്പം ഉണ്ടെന്നും, കഴിവുള്ള യുവതാരങ്ങളെ കൊണ്ടും ടീം സമ്പന്നമാണെന്നും ഫ്ലമിങ് പറഞ്ഞു. 2022 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളാവും എന്ന് പറഞ്ഞു വെക്കുന്നുമുണ്ട് സ്റ്റീഫൻ ഫ്ലമിങ്. കിരീടം നേടാൻ ചെന്നൈ സൂപ്പർ കിംഗ്സ് സജ്ജരാണ് എന്നാണ് ന്യൂസിലാൻഡുകാരനായ സ്റ്റീഫൻ ഫ്ലമിങ് മാധ്യമങ്ങളോട് പറഞ്ഞത്.