അന്ന് ഞാൻ ഒരു മാസത്തോളം ദിവസവും കരഞ്ഞു ; തന്റെ കരിയറിലെ മോശം ഇന്നിങ്സിനെ കുറിച്ച് ഇഷാന്ത് ശർമ്മ
തന്റെ കരിയറിലെ ഏറ്റവും മോശം ഇന്നിങ്സ് ഓർത്തെടുത്തിരിക്കുകയാണ് വെറ്റെറൻ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. ആ ഇന്നിങ്സ് ഓർത്ത് ഒരു മാസത്തോളം താൻ കരഞ്ഞിട്ടുണ്ട് എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇഷാന്ത് ശർമ്മ വെളിപ്പെടുത്തിയത്. 2013-ൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തെ കുറിച്ചാണ് ഇഷാന്ത് ശർമ്മ സംസാരിക്കുന്നത്. എംഎസ് ധോണി ഉൾപ്പെടെയുള്ള താരങ്ങൾ തന്നെ ആശ്വസിപ്പിച്ചതിനെ കുറിച്ചും ഇഷാന്ത് ശർമ്മ സംസാരിക്കുകയുണ്ടായി.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ, അവസാന 3 ഓവറുകളിൽ 44 റൺസ് ആണ് ഇന്ത്യക്ക് ഡിഫൻഡ് ചെയ്യാൻ ഉണ്ടായിരുന്നത്. എന്നാൽ, ഇഷാന്ത് ശർമ്മ ഒരു ഓവറിൽ 30 റൺസ് എടുത്ത് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ജെയിംസ് ഫോക്നർ മത്സരത്തിന്റെ ഗതി ഓസ്ട്രേലിയക്ക് അനുകൂലമാക്കുകയായിരുന്നു. ഒരു ഓവറിൽ 30 റൺസ് വഴങ്ങിയതോടെ, ഇഷാന്ത് ശർമ്മ മാനസികമായി തളരുകയായിരുന്നു.

അന്നത്തെ മത്സരത്തിൽ, 3 ബോളുകൾ ശേഷിക്കെ, ഓസ്ട്രേലിയ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ, ടീമിന്റെ പരാജയത്തിന് കാരണം താൻ ആണെന്ന കുറ്റബോധം ഇഷാന്ത് ശർമ്മയെ അലട്ടുകയായിരുന്നു. “അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ആ മത്സരത്തിന് ശേഷം, എംഎസ് ധോണിയും ധവാനും എന്റെ മുറിയിൽ വന്ന് എന്നെ ആശ്വസിപ്പിച്ചു. ‘നീ മികച്ച ബൗളർ ആണെന്നും, ഈ ഒരു മോശം പ്രകടനം കൊണ്ട് നിന്റെ വൈറ്റ് ബോൾ കരിയർ അവസാനിക്കില്ല’ എന്നും അവർ പറഞ്ഞു,” ഇഷാന്ത് ശർമ്മ തുടർന്നു.
“പക്ഷെ, ഞാൻ പിന്നീട് ഒരു മാസത്തോളം എന്റെ ഗേൾഫ്രണ്ടിനെ ദിവസവും വിളിച്ച് കരയുമായിരുന്നു. അത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഗെയിം ആയിരുന്നു,” ഇഷാന്ത് ശർമ്മ പറഞ്ഞു. അതിന് ശേഷം, ആ പരമ്പരയിൽ അവശേഷിച്ച മത്സരങ്ങളിൽ ഇഷാന്ത് ശർമ്മ ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. പിന്നീട്, അദ്ദേഹത്തിന് വൈറ്റ് ബോൾ ക്രിക്കറ്റിൽ താരതമ്യേനെ അവസരങ്ങളും കുറഞ്ഞു. 2016-ലാണ് ഇഷാന്ത് ശർമ്മ അവസാനമായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചത്.