കോവിഡ്-സേഫ്’ സെലിബ്രേഷൻ 😱 പാകിസ്ഥാൻ പേസർ ക്രിക്കറ്റ്‌ ആരാധകരുടെ കയ്യടി നേടി :കാണാം വീഡിയോ

ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) മെൽബൺ സ്റ്റാർസിനായി കളിക്കുന്ന പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഹാരിസ് റൗഫ്, തന്റെ വ്യത്യസ്ഥമായ വിക്കറ്റ് സെലിബ്രേഷനുകൾക്ക് പേരുകേട്ട താരമാണ്. 28 കാരനായ പേസർ തന്റെ ഓരോ വിക്കറ്റിനും അലറിക്കൊണ്ട് തന്റെ രോഷം പ്രകടമാക്കുന്ന ആംഗ്യങ്ങളാണ് പതിവായി കാണിക്കാറുള്ളത്. എന്നാൽ, ഇത്തവണ അതിൽ നിന്ന് വ്യത്യസ്ഥമായി പെർത്ത് സ്‌കോർച്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ കുർട്ടിസ് പാറ്റേഴ്‌സന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം റൗഫ് നടത്തിയ സെലിബ്രേഷൻ ശ്രദ്ധേയമായി.

ഇന്ന് നടന്ന മെൽബൺ സ്റ്റാർസ്‌ പെർത്ത് സ്‌കോർച്ചേഴ്‌സ്‌ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്‌കോർച്ചേഴ്‌സിന്റെ ഓപ്പണർ കുർട്ടിസ് പാറ്റേഴ്‌സന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹാരിസ് റൗഫ് നടത്തിയ ‘കോവിഡ്-സേഫ്’ സെലിബ്രേഷൻ ക്രിക്കറ്റ്‌ ആരാധകരുടെ കയ്യടി നേടി. റൗഫിന്റെ ഔട്ട്‌ സ്വിംഗ് ബോൾ, പാറ്റേഴ്‌സന്റെ ബാറ്റിൽ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പർ ജോ ക്ലാർക്കിന്റെ കൈകളിൽ അകപ്പെടുകയായിരുന്നു. എന്നാൽ, റൗഫിന്റെ വിക്കറ്റ് നേട്ടത്തേക്കാൾ കമന്റേറ്റർമാരെ ആവേശത്തിലാക്കിയത് പേസറുടെ സെലിബ്രേഷൻ ആയിരുന്നു.

വിക്കറ്റ് നേടിയതിന് പിന്നാലെ, റൗഫിന്റെ സ്ഥിരം സെലിബ്രേഷൻ പ്രതീക്ഷിച്ച ആരാധകർക്ക് കൗതുകം നൽകി, റൗഫ് ആദ്യം ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുന്ന ആക്ഷൻ കാണിച്ചു, തുടർന്ന് പോക്കറ്റിൽ നിന്ന് മാസ്ക് എടുത്ത് മുഖത്ത് ധരിച്ച് പോസ് ചെയ്യുകയും ചെയ്തു. റൗഫിന്റെ പ്രവർത്തിക്ക്‌ സഹതാരങ്ങളും കയ്യടിച്ചു. മത്സരത്തിൽ ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ, റൗഫിന്റെ പ്രകടനത്തിന് തന്റെ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത പെർത്ത് സ്‌കോർച്ചേഴ്‌സ്‌ ലോറി ഇവാൻസ് (69), നികോളാസ് ഹോബ്സൺ (46), ആഷ്ടൺ ടേണർ (47*) എന്നിവരുടെ ബാറ്റിംഗ് മികവിൽ 20 ഓവറിൽ 196/3 എന്ന സ്കോർ കണ്ടെത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മെൽബൺ സ്റ്റാർസിന് വേണ്ടി ഓപ്പണർ വെബ്സ്റ്റർ (63) അർദ്ധസെഞ്ച്വറി നേടിയെങ്കിലും, ടീമിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് കണ്ടെത്താനെ കഴിഞ്ഞൊള്ളു. പെർത്ത് സ്‌കോർച്ചേഴ്‌സിന് വേണ്ടി മാത്യു കെല്ലി 4 വിക്കറ്റ് വീഴ്ത്തി.