ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാൽ, സർ അലസ്റ്റർ കുക്കിന്റെ പേര് പറഞ്ഞു പോകാതെ അതൊരിക്കലും പൂർത്തിയാവുകയില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനും, ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനുമായ അലസ്റ്റർ കുക്ക്, 2003-ൽ തന്റെ 16-ാം വയസ്സിൽ എസ്സെക്സ് ആക്കാദമിയിലൂടെയാണ് ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത്. ആഭ്യന്തര ലീഗിലെ മികച്ച പ്രകടനം 2006-ൽ ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് 18-കാരൻ അലസ്റ്റർ കുക്കിന് കാൾ-അപ്പ് ലഭിക്കുന്നതിലേക്ക് വഴിയൊരുക്കി.
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ കുക്കിന്, പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ടെസ്റ്റിലും, ഏകദിനത്തിലും ഇംഗ്ലണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ കുക്ക്, 2011 ഏകദിന ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ആൻഡ്ര്യു സ്ട്രാസിന്റെ പിന്മുറക്കാരനായി ഇംഗ്ലണ്ട് ഏകദിന ടീമിന്റെ നായകനായി. തുടർന്ന്, 2012-ൽ സ്ട്രാസ് എല്ലാ ഫോർമാറ്റിൽ നിന്നുമുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ അലസ്റ്റർ കുക്ക് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായക പദവിയും ഏറ്റെടുത്തു. അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്റെ പിറവിക്കായിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനോപ്പം 50 ടെസ്റ്റ് വിജയങ്ങളിൽ പങ്കാളിയാവുന്ന ഏക താരമായ കുക്ക്, ഇംഗ്ലണ്ട് ടീമിന് വേണ്ടി 161 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇംഗ്ലണ്ട് കുപ്പായത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച റെക്കോർഡ് ഇന്നും അലസ്റ്റർ കുക്ക് എന്ന ഇതിഹാസത്തിന്റെ പേരിലാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരനായ കുക്ക്, ലോക ടെസ്റ്റ് ക്രിക്കറ്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമനാണ്.ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 6000, 7000, 8000, 9000, 10000, 11000, 12000 റൺസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അലസ്റ്റർ കുക്ക്. മാത്രമല്ല, ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന രണ്ടാമത്തെ ഓപ്പണറും, 11000, 12000 റൺസ് നേടുന്ന ലോക ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഓപ്പണറുമാണ് കുക്ക്.

ഒടുവിൽ, 2018-ൽ ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പറമ്പരയ്ക്കൊടുവിൽ, ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും അധികായകനായ അലസ്റ്റർ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി. കൗതുകകരമെന്ന്, പറയട്ടെ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ അലസ്റ്റർ കുക്ക്, തന്റെ അവസാന ടെസ്റ്റ് മത്സരത്തിലും സെഞ്ച്വറി നേടി അഭിമാനത്തോടെ തല ഉയർത്തിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞത്