ഒരു താരം പിറന്ന കഥ .

           നാദാപുരം പഞ്ചായത്തിലെ കക്കം വെള്ളി എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. ഞാൻ ചെറുപ്പത്തിലെ വോളിബോൾ കളി കണ്ടാണ് വളർന്നത് കാരണം എൻ്റെ വീടിൻ്റെ താഴെ വിശാലമായ വയലാണ്. അവിടെ മുമ്പ് വോളിബോൾ കളി മാത്രമെ ഉണ്ടായിരുന്നുള്ളൂ. രണ്ട് കോർട്ടുണ്ടായിരുന്നു, വലിയവർ കളിക്കുന്നതും, കുട്ടികൾ കളിക്കുന്നതും. മഴക്കാലം കഴിഞ്ഞാൽ ഇവിടെ വോളിബോൾ സജീവമാണ്. നിറയെ ആളുകളായിരിക്കും, കളിക്കാനും കാണാനും’.ചെറിയ കുട്ടികളായ ഞങ്ങൾ ചൂടി കൊണ്ട് മടഞ്ഞ നെറ്റും, വലിയവരുടെ പഴയ ബോളും കൊണ്ടായിരുന്നു കളി .കോച്ചിംഗ് ഒന്നുമില്ലാതെ കളികണ്ട് ഞങ്ങളും കളിച്ചുതുടങ്ങി, അപ്പോയാണ് നാട്ടിലെ വലിയ കളിക്കാർ ഒരു ക്യാമ്പ് വെച്ചു.പുറമേരിയിലെ സുരേഷ് മാഷായിരുന്നു കോച്ച് ,അങ്ങനെ കുറച്ച് വ്യായാമവും ആക്ഷനും ഒക്കെ പഠിച്ചു. ഞാൻ പഠിച്ച സ്കുളിൽ കളിക്കാനുള്ള അവസരവും സൗകര്യവും ഉണ്ടായിരുന്നില്ല. 🤸‍♂കളിയൊന്ന് മെച്ചപ്പെട്ടപ്പോൾ നാദാപുരത്ത് അപ്പക്കോത്ത് ഗ്രൗണ്ടിലായി കളി, അവിടെ റെയിൽവെ അബ്ബാസ്, അസീസ് തുടങിയ പ്രഗൽഭകളിക്കാർ ഉണ്ടായിരുന്നു. മൈനസിലാണ് (2 ) എൻ്റെ സ്ഥാനം, ഹമീദ് ക്കാൻ്റെ ലിഫ്റ്റിൽ നല്ലണം അടിക്കുമായിരുന്നു.പട്ടക്കോ ,പുറത്തോ അടി വീണാൽ ഭയങ്കര ചീത്തയായിരിക്കും കോർട്ടിന്നും, പുറത്ത് നിന്നും കാരണം മറ്റൊന്നുമല്ല ബെറ്റാണ് വോളിബോളിനോട് അടങ്ങാത്ത ആവേശമായിരുന്നു,എല്ലാ ദിവസവും പത്രങ്ങൾ നോക്കും എവിടെയെങ്കിലും ക്യാമ്പ് നടക്കുന്നുണ്ടോ എന്ന്.

       അങ്ങനെ നമ്മള മുനീർക്ക വിന്നേഴ്സ് നാദാപുരത്തിന് വേണ്ടി ലീഗ് കളിക്കാൻ കൊണ്ടുപോയി, കോഴിക്കോട് ചേളന്നൂരിൽ (ജൂനിയർ ചാമ്പ്യൻഷിപ്പ്) ആദ്യമായി ജഴ്സി അണിഞ്ഞ് എൻ്റെ ടൂർണമെൻ്റ്-കൂടെ അസീസും, നാദാപുരം മുനീറും (കൗണ്ടർ), നൗഷാദും (അബ്ബാസ് കയുടെ അനിയൻ) ,💪🏻കളി തോറ്റങ്കിലും ,റൊട്ടേഷനറിയാതെ രണ്ട് സെറ്റ് കളിച്ചു ,അങ്ങനെ റൊട്ടേഷനും പഠിച്ചു.പിന്നീട് സീനിയർ ലീഗ് ചാമ്പ്യൻഷിപ്പിലും കളിക്കാൻ തുടങ്ങി,   ഞാൻ ഡിഗ്രിക്ക് പാരലൽ കോളേജിൽ പഠിക്കുന്ന കാലം…. വടകരയിലെ ലീഗ് ചാമ്പ്യൻഷിപ്പിൽ വിന്നേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു😉.. കൗണ്ടർ ആയിരുന്നു… റഫറി നമ്മുടെ ഹമീദ് മാഷായിരുന്നു…. കളി കഴിഞ്ഞപ്പോൾ ഹമീദ് മാഷ് അടുത്ത് വന്നു…. എവിടെയാ പഠിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ പാരലിൽ കോളേജിലാന്ന് പറഞ്ഞു.എന്നോട് ‘ ചോദിച്ചു. നല്ല ഹൈറ്റുണ്ടല്ലോ… കോളേജ് ടീമിലൊന്നും നോക്കീല്ലേ?’… സർട്ടിഫിക്കറ്റൊന്നുമില്ലാതെ നമ്മളെ ആര് എടുക്കാനാ,ചേളന്നൂർ SN കോളേജിൽ നോക്കട്ടെ, എൻ്റെ ക്ലാസ് മേറ്റാ അവിടുത്തെ ഫിസിക്കൽ ട്രെയിനർ മധുസാർ, ഞാൻ പറഞ്ഞ് നോക്കട്ടെ.ഹമീദ് മാഷ് ചെറിയ ഒരു പ്രതീക്ഷ തന്നു . എനിക്ക് ഭയങ്കര സന്തോഷമായി .ചേളന്നൂർ ടീമിൻ്റെ കളി ഞാൻ കണ്ടിരുന്നു. ജൈസലും, നസീറും., കാട്ടി അഭിലാഷും ഒക്കെ ഉള്ള കിടിലൻ ടീം.കുറച്ച് ദിവസം കഴിഞ്ഞ് ഹമീദ് മാഷെ വിളിച്ച് നോക്കി.എന്തായി എന്ന് അറിയാൻ.പുള്ളി പറഞ്ഞു മൊകേരി കോളേജിൽ A സോൻ മത്സരം വരുന്നുണ്ട് മറ്റന്നാൾ. അവിടെ കോളേജ് ടീം വരുന്നുണ്ട്  ,നീ.. അവിടെ വാ.നമുക്ക് നേരിട്ട് സംസാരിക്കാം.അങ്ങനെ ആ ദിവസം എത്തി… ഞാനും മുനീറും (വിന്നേഴ്സ് ) മൊകേരി കോളേജിൽ എത്തി… അവിടെ കളി നടന്ന് കൊണ്ടിരിക്കുകയായിരുന്നു…. ഹമീദ് മാഷ് വിസിൽ വിളിക്കുകയാണ്. കളി കഴിഞ്ഞപ്പോൾ ഹമീദ് മാഷട്ത്ത് പോയി… മാഷ് ഞങ്ങളേം കൂട്ടി മധുസാറും, രാഘവൻ സാറും നിൽക്കുന്നിടത്ത് എത്തി. എൻ്റെ കാര്യം പറഞ്ഞു.സർട്ടിഫിക്കറ്റ് ഉണ്ടോന്ന് ചോദിച്ചു… ഇല്ല ഞാൻ പറഞ്ഞു. ഇപ്പോ അഡ്മിഷൻ കഴിഞ്ഞു ക്ലാസ് തുടങ്ങി ഒന്നര മാസമായി . എന്താ ചെയ്യാ’. പ്രതീക്ഷ അസ്തമിക്കുകയാണോ.. രണ്ടു് മുന്ന് ദിവസം കൊണ്ട് ഒരു പാട് സ്വപ്നം, കണ്ടിരുന്നു…. ഹമീദ് മാഷ് ഒരു ശ്രമവും കൂടി നടത്തി… നല്ല കളിയാ പയ്യൻ,പ്രാക്ടീസ് കിട്ടിയാ കളി നന്നാവും… അങ്ങനെ ഹമീദ് മാഷ സമ്മർദ്ദത്തിൽ മധു സാർ രാഘവൻ സാറുമായി ചർച്ച ചെയ്തു. രാഘവൻ സാർ ഒരു കണ്ടീഷൻ വെച്ചു… നാളെ വൈകുന്നേരം കോളേജിൽ വരട്ടെ. അവൻ്റെ കളി നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു.

      അന്ന് തന്നെ തട്ടാണ്ടി നിസാർ ൻ്റെടുത്ത് പോയി പഴയ ഷോർട്സ് വാങ്ങി ഭയങ്കര ലൂസ്.ഞാൻ മെലിഞ്ഞിട്ടായിരുന്നല്ലോ.ടെയ്ലറട്ത്ത് പോയി വണ്ണം കുറച്ചു.ഷൂസും വായ്പ വാങ്ങി അങ്ങനെ പിറ്റേന്ന് ഞാനും മുനീർക്കയും SNകോളേജിലെത്തി. വൈകുന്നേരം കോർട്ടിലിറങ്ങി വാം അപ്പ് ഒക്കെ അവരുടെ കൂടെ ചെയ്തു. ട്രയൽ അടി തുടങ്ങി.എന്നെ കൊണ്ട് സാറ് കൂടുതൽ അടിപ്പിച്ചു.ഹമീദ്ക്ക നാദാപ്രത്ത്ന്ന് കളിക്കുമ്പോ ഷോട്ട് ബോളും അടിപ്പിക്കുവേനു… അങ്ങനെ ഞാൻ ഹൈ” ബോളും, മീഡിയവും, ഷോട്ടും എല്ലാം കൂടെ അടിച്ചു……… അന്നേരെ ഞാൻ  ട്രയൽ നല്ലണം അടിക്കുമായിരുന്നു… ‘. അങ്ങനെ സാറിന് കളി ഇഷ്ടപ്പെട്ടു. എന്നോട് സാറ് പറഞ്ഞു, നീ വീട്ടിൽ പോയി നാളെ സർട്ടിഫിക്കറ്റൊക്കെ (SSLC ,+2et‌c) എടുത്ത് വാ. യുണിവേഴ്സിറ്റീൽ സ്പെഷൽ റിക്വസ്റ്റ് കൊടുക്കണം അഡ്മിഷന് വേണ്ടി. അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.ഒന്ന് പറയാൻ വിട്ടു ‘.SNകോളേജ് പോവുന്നതിൻ്റെ മുമ്പ് പയ്യന്നൂർ കോളേജിലും പോയിരുന്നു സെലക്ഷന് ,പക്ഷെ കിട്ടിയില്ല.

        അങ്ങനെ യുണിവെഴ്സിറ്റിൽ ഞാനും ജൈസലും കൂടെ ക്ലർക്ക് ശശിയേട്ടനും പോയി അപേക്ഷ കൊടുത്ത് അന്ന് വൈകുന്നേരം വരെ അവിടെ നിന്ന് ശശിയേട്ടൻ്റെ സ്വാധീനം കൊണ്ട് സ്പെഷൽ ഓർഡർ വാങ്ങി കോളേജിൽ അഡ്മിഷൻ എടുത്തു.സാർ പറഞ്ഞു  ,ഈ വർഷം മെസ്സ് ഫീ നീ കൊടുക്കണം.യൂണിവേഴ്സിറ്റി ടീമിൽ സെലക്ഷൻ കിട്ടുകയാണങ്കിൽ ചിലവ് കോളേജ് നൽകും.ഞാൻ കഠിനമായി പ്രാക്ടീസ് ചെയ്തു. നമ്മള ഷംസുവും ഉണ്ടേനു അവിടെ.സാർ എന്നോട് ഷോട്ട്ബോൾ അടിച്ച് പഠിക്കാൻ പറഞ്ഞു. എന്നെ സെൻ്റർ ബ്ലോക്ക് കളിപ്പിക്കാനാ ..പുതിയതായി വന്ന സെറ്റർ അഫ്സലിന് അവിൽ മിൽക്ക് 🥤ഒക്കെ ഓഫർ ചെയ്ത് കളി കഴിഞ്ഞ് എല്ലാരും പോയാലും ഇരുട്ടുവോളം ഞാൻ ട്രയൽ അടിച്ച് പഠിച്ചു. ഷോട്ടും, ഇടബോളും ,റണ്ണിംഗ് ഷോട്ടും.റണ്ണിംഗ് അടിക്കുന്നവർ അന്ന് കുറവായിരുന്നു. ആ വർഷം തന്നെ സീനിയർ കളിക്കാരെ തള്ളി മെയിൻ സിക്സിൽ കളിക്കാൻ എനിക്ക് അവസരം തന്നു, അത് ഞാൻ മുതലാക്കി. നസീർക്കയുടെ പാൽ പോലത്തെ സെറ്റിംഗിൽ ഞാൻ അടിച്ചു തമർത്തു. ആ വർഷം യൂത്ത് സ്റ്റേറ്റ് കളിച്ചു.പിറ്റേ വർഷം യൂണിവേഴ്റ്റി ടീമിലും’ കളിച്ചു. വമ്പൻ ടീമായിരുന്നു. സായിയിൽ നിന്ന് അസീസ്, സജീഷ്, വിബിൻ ജോർജ്, ജെയിംസ് തുടങ്ങിയവരും ഉണ്ടായിരുന്നു.

   അങ്ങനെ വോളിബോളിൽ വഴിത്തിരിവായത് മുനീർക്കയും, ഹമീദ് മാഷിൻ്റെയും ഇടപെടലാണ്, രാഘവൻ സാറിൻ്റെ കോച്ചിംഗും’രണ്ട് വർഷം SN കോളേജിലെ പoനത്തിന് ശേഷം പ്രിൻസിപ്പാളുമായി തെറ്റി അവിടെ നിന്ന് കൊച്ചി തേവര കോളേജിലേക്ക് മാറി.ഫൈവ് ‘സ്റ്റാർ അക്രഡിറ്റേഷനുള്ള രാജകീയ എടുപ്പ്ള്ള SH കോളേജിൽ ഫൈവ് സ്റ്റാർ ട്രീറ്റായിരുന്നു മാനേജ്മെൻ്റ് ഞങ്ങൾക്ക് നൽകിയത്, മാന്ത്രിക സെറ്റർ അഷാമിൻ്റെ നേതൃത്വത്തിൽ ഞങ്ങളുടെ പുതിയ ടീം MG യൂണിവേഴ്സിറ്റിയിലെ വമ്പൻ കോളേജ് ടീമുകളെ മലർത്തിയടിച്ച് (പാല സെൻ്റ് തോമസ്, അരുവിത്തുറ കോട്ടയം, കോലഞ്ചേരി, etc) ഇൻ്റർ കോളേജിയറ്റ് മുഴുവൻ,, ഞങ്ങൾ തൂത്ത് വാരി  ആ വർഷം MG യൂണിവേഴ്സിറ്റിയും കളിച്ചു.കോളേജിൽ രാവിലെത്തെ പ്രാക്ടീസ് ന് കസ്റ്റംസ് ടീമുമുണ്ടാവും, അവർക്ക് സ്വന്തമായി കോർട്ടില്ലായിരുന്നു’.ശ്രീഷേട്ടനും അസീസും, രതീഷും, യൂസുഫ്കയും ജിതേഷേട്ടനും ഒക്കെയുള്ള ഷെയ്ക് ബെറ്റ് വെച്ചുള്ള കളി ഒരനുഭവമായിരുന്നു.ഒരു ദിവസം കസ്റ്റംസ് സീനിയർ പ്ലയർ സണ്ണിച്ചായൻ ഒരു ഓഫർ വെച്ചു, ട്രയൽ അടിച്ചു കോളേജിൻ്റെ ബിൽഡിംഗ് (രണ്ട് നില, ക്ലാസ് റൂമായത് കൊണ്ട് നല്ല ഹൈറ്റിലായിരുന്നു ബിൽഡിംഗ്) മുകളിൽ കയറ്റിയാൽ ഫാലൂദ വാങ്ങിത്തരുമെന്ന്.ഞാനും അസീസും, ആലപ്പുഴ രതീഷുമെല്ലാം (കൗണ്ടർ ) മത്സരിച്ച് അടിക്കാൻ തുടങ്ങി ‘ നിർഭാഗ്യവശാൽ എൻ്റെ ശ്രമം വിജയിച്ചു  അന്ന് വരെ ആരും അതിൽ കയറ്റിയിട്ടില്ലായിരുന്നു.സണ്ണിച്ചായൻ ഫാലുദയുടെ പണവും തന്നിട്ടാ പോയത്.. അങ്ങനെ ഒരു പാട് അനുഭവങ്ങൾ സമ്മാനിച്ച വർഷം .

        ഇൻ്റർ സർവീസസ് ചാമ്പ്യൻഷിപ്പ് ആ വർഷം കൊച്ചിയിലായിരുന്നു നേവിയിൽ വെച്ച്. ആർമി ടീമുകൾ പ്രാക്ടീസ് ചെയ്യാൻ ഞങ്ങളെ കോളേജിൽ വന്നിരുന്നു. കളി കണ്ടിട്ട് AOC സെക്കന്തരബാദ് കോച്ച് ആർമി ടീമിൽ ചെല്ലാൻ പറഞ്ഞു….. അങ്ങനെ ഞാനും ഹഫീലും (അരുവിത്തുറ കോളേജ് ,ഇപ്പോൾ പോലീസ് ടീം പ്ലയർ) ,ഇഖ്ബാലും സെലക്ഷന് സെക്കന്തരബാദിൽ പോയി….. നല്ല തണുപ്പുള്ള സമയത്താണ് പോയത്. രണ്ട് ദിവസത്തെ അവിടുത്തെ പ്രാക്ടീസ് ഞങ്ങളെ മടുപ്പിച്ചു.പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കണം പ്രാഥമിക കൃത്യങൾ ജയിലിലെ പോലയാ’… ടോയ്ലറ്റിന് ലോക്കില്ല ,ടാപ്പില്ല. എല്ലാം കഴിഞ്ഞ്, വാമിങ് അപ്പ് 5 കിലോമീറ്ററോളം റോഡിൽ കൂടെ – ഓടണം🏃🏿‍♂, അത് കഴിഞ്ഞ് പ്രക്ടീസ്. നല്ല തണുപ്പായത് കൊണ്ട് ,ചുണ്ടും, കൈയു ഒക്കെ പൊട്ട് വീണു.എങ്ങനേലും നാട്ടിൽ പോവണം എന്നായി പിന്നെ ചിന്ത. നാട്ടീന്ന് കൂലിപ്പണി എടുത്താലും വേണ്ടില്ല പട്ടാളം ശരിയാവൂല.എന്ന് ഞങ്ങൾ തീരുമാനിച്ചു.അങ്ങനെ പിറ്റേന്ന് പുലർച്ചെ ഞങ്ങൾ അവിടെ നിന്ന് ചാടി കിട്ടിയ ട്രെയിനിൽ കേറി, റെയിൽവെ സ്റ്റേഷനിൽ പട്ടാളക്കാരെ കണ്ടപ്പോ പേടിയായി….., ഞങ്ങളെ പിടിക്കാൻ വന്നതാണോ?ഞങ്ങൾ ഒളിച്ചിരുന്നു. ടിക്കറ്റ് എടുത്തില്ലായിരുന്നു. ലോക്കൽ കമ്പാർട്ട്മെൻ്റിലാ കയറിയത്, കാല് കുത്താൻ സ്ഥലമില്ല. കുണ്ടൂർ എത്തിയപ്പോ. ചെക്കർമാർ രണ്ട് ഭാഗത്ത് നിന്നും കേറി… ടിക്കറ്റ് ചെക്ക് ചെയ്യാൻ തുടങ്ങി. ഞങ്ങൾ മെല്ലെ ബാത്ത് റൂമിലേക്ക് നടന്നു.മുന്ന് പേരും ഒന്നിൽ കയറി ഇരുന്ന. കുറെ കഴിഞ്ഞപ്പോ ഡോറിന് മുട്ടാൻ തുടങ്ങി.ഞങ്ങൾ തുറന്നില്ല.. വീണ്ടും മുട്ടി വിളിച്ചു. ഞങൾ പൈസയെല്ലാം നിക്കറിനുള്ളിലാക്കി:

ഡോറ് തുറന്നു, ടി.ടി.ഇ മുമ്പിൽ, ടിക്കറ്റ് ചോദിച്ചു, ഇല്ല.’.ഞങ്ങള പൊക്കി, അടുത്ത സ്റ്റോപീന്ന് ഞങ്ങളെയും കൊണ്ട് റിസർവേഷൻ കമ്പാർട്ടിൽ പോയി .ഫൈൻ അടക്കണന്ന് പറഞ്ഞു: ‘ഞങ്ങൾ കരഞ്ഞ് പറഞ്ഞു പൈസ ഇല്ല, ജോലിക്ക് പോയതാ.കിട്ടിയില്ല. അറിയാവുന്ന ഭാഷയിൽ ഞാനും ഹഫീലും പറഞ്ഞ് കാൽ പിടിച്ചു.അവസാനം മൂന്ന് പേരും കൂടി 500 അടച്ച് കോയമ്പത്തൂര് ഇറക്കിവിട്ടു അവിടുന്ന് സ്റ്റേഷനിന്ന് കുളിച്ച് അടുത്ത വണ്ടിക്ക് നാട്ടിലേക്ക്.അങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ്.. നമ്മള മുത്ത് ,ബാലുശേരി സിറാജ് .. ഒരു വഴി പറഞ്ഞു തന്നത്… 

  അതിന് മുമ്പ് സിറാജുമായി യുള്ള ബന്ധം.കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിൽ ഒന്നിച്ചുള്ളപ്പോയാണ് സിറാജുമായി കൂടുതൽ അടുത്തത്: തൃശൂർ വ്യാസകോളേജിലെ ക്യാമ്പിൽ എക്സാമിന് വേണ്ടി എപ്പോഴും പഠനത്തിലായിരിക്കും സിറാജ്

   അങ്ങനെ പിന്നീടുള്ള ലോക്കൽ ടൂർണമെൻറിൽ ഞങ്ങൾ പുതിയ കൂട്ടുകെട്ടുണ്ടാക്കി, കൂടെ മിഥുനും ( ഇപ്പോ Air Force) സെറ്റർ ‘ അഖിലേഷേട്ടൻ, റഫ്സൽ, അയ്യൂബ് … ഞങ്ങൾ ചെറിയ ടീമെങ്കിലും വമ്പൻ ടീമുകളെയെല്ലാം അട്ടിമറിച്ചു മുന്നേറി. ഒരു പാട് ലോക്കലും, വൺഡേകളും കളിച്ചു. പല ദിവസങ്ങളിലും സിറാജിൻ്റെ വീട്ടിൽ ഉറങ്ങി .. ഞങ്ങൾ കിട്ടിയ പൈസ ഡിവൈഡ് ചെയ്യും.കളി കഴിഞ്ഞ് ഫുഡ് കയിച്ച് ബാക്കി ഷെയർ ചെയ്യും ,ചില ദിവസങ്ങളിൽ 430 രൂപ വീതം ഒക്കെയാ കിട്ടുക. ഞങ്ങൾ അതിൽ സംതൃപ്തരായിരുന്നു.അത് വഴി ഒരു പാട് ടൂർണമെൻ്റ് കളും, നല്ല ബന്ധങ്ങളും കിട്ടി.അങ്ങനെ സിറാജിൻ്റ ഉപദേശത്താൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ BP Ed ന് അപേക്ഷിച്ചു (കായിക വിദ്യാഭ്യാസം) ,അവിടുത്തെ വിൽസൺ സാറിനെ സിറാജ് വിളിച്ചു എൻ്റെ കാര്യം പറഞ്ഞു…. അങ്ങിനെ അവിടെ അഡ്മിഷൻ കിട്ടി… വിൽസൺ സാർ കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫറായി പകരം വോളിബോൾ കോച്ച് ആയി നജീബ് സർവന്നു. നജീബ് സർ കോച്ചിംഗിൽ പുലി🐆 ആയിരുന്നു.. സിസ്റ്റമാറ്റിക്കായ കണ്ടീഷനിംഗും കോച്ചിംഗും കളി കുറച്ച് കൂടി മെച്ചപ്പെട്ടു… ആ വർഷം തന്നെ സീനിയർ സൗത്ത് സോൺ കേരള ടീമിൽ കളിച്ചു.. ഹഫീലും, മനുവും, വിജേഷും, രാഗേഷും ഒക്കെ ഉള്ള ഞങ്ങളുടെ ടീം വിന്നറായി പിന്നീട് മൂന്ന് വർഷം കൂടി സൗത്ത് സോൺ നാഷണൽസിൽ കളിച്ചു. അങ്ങനെ Bped പാസായി .2009 ൽ പെരിങ്ങത്തൂർ NAM സ്കൂളിൽ കായികാധ്യാപകനായി ജോലിയിൽ കയറി .

  ആ വർഷം തന്നെയാണ് പെരിങ്ങത്തൂർ സ്കൂൾ ഗ്രൗണ്ടിൽ സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് നടന്നത്. എനിക്ക് ആലപ്പുഴ ജില്ലക്ക് വേണ്ടി കസ്റ്റംസ്, താരങ്ങൾക്കൊപ്പം.. കളിക്കാൻ അവസരം കിട്ടി.. ഇപ്പോൾ BPCLൽ ഉള്ള വിമൽ ടി ജേക്കബ് ആയിരുന്നു സെറ്റർ’ ‘….. രാവിലത്തെ കളികൾ കാണാൻ ഗാലറി നിറയെ വിദ്യാർത്ഥികളായിരിക്കും…. അവരുടെ ഹർഷാരവങ്ങൾ എങ്ങും അലയൊലിച്ചു .കോർട്ടിൻ്റെ ഇരു സൈഡിലും ലുലു സാരീസി ൻ്റെ പൊക്കി കെട്ടിയ ബാനറിന് മുകളിലൂടെ ട്രയൽ അടിച്ചു കയറ്റുന്ന ആദ്യ താരത്തിന് പാൻ്റും ഷർട്ടും സമ്മാനമുണ്ടായിരുന്നു.വിദ്യാർത്ഥികളുടെയും സഹ അധ്യാപകരുടെയും ഹർഷാരവത്തോടെ ആദ്യ ഷോട്ട്ബോൾ തന്നെ ഞാൻ ബാനർ കടത്തി അത് വല്ലാത്ത അനുഭൂതിയായിരുന്നു… വന്ന വർഷം തന്നെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ഇടയിൽ ഞാൻ ഹീറോ ആയി  ആ ചാമ്പ്യൻഷിപ്പിലായിരുന്നു നമ്മെ വിട്ട് പിരിഞ്ഞ  നമ്മുടെ നരിക്കുനി സുനിയേട്ടൻ നയിച്ച മലപ്പുറം ചാമ്പ്യൻമാരായത്.ഫൈനലിൽ എറണാകുളത്തെ മലർത്തിയടിച്ച സുനിയേട്ടൻ്റെ പ്രകടനം അപാരമായിരുന്നു .സ്കുളിൽ കയറിയതോടെ അവിടെ നല്ലൊരു ടീമുണ്ടാക്കാനായി ശ്രമം.ക്രിക്കറ്റിനോടും ഫുട്ബോളിനോടും ആഭിമുഖ്യം പുലർത്തിയ കുട്ടികളെ മെല്ലെ വോളിബോളിലേക്ക് ആകർഷിപ്പിച്ചുഎൻ്റെ സ്കുൾ പഠനകാലത്ത് എനിക്ക് ലഭിക്കാത്ത നേട്ടങ്ങൾ എൻ്റെ വിദ്യാർത്ഥികളിലൂടെ നേടണം എന്ന വാശിയുണ്ടായിരുന്നു:ആ വർഷം തന്നെ ടീമുണ്ടാക്കി, പരിശീലനം തുടങ്ങി വെക്കേഷനിലും, വൈകുന്നേരങ്ങളിലും വോളി കോർട്ടുകൾ സജീവമാക്കി. ഹെഡ്മാസ്റ്ററും, സഹ അധ്യാപകരും മികച്ച പിന്തുണയും സഹായങ്ങളും ചെയ്ത് തന്നു ആ വർഷം വിദ്യാഭ്യാസ ജില്ലാതലത്തിലായിരുന്നു മത്സരങൾ, മട്ടന്നൂരിൽ വെച്ച് നടന്ന തലശേരി വിദ്യാഭ്യാസ ജില്ലാ സ്കൂൾ ഗെയിംസിൽ വമ്പൻ ടീമുകളെ അട്ടിമറിച്ച് NAM ടീം ഫൈനലിൽ എത്തി വരവറിയിച്ചു.കനത്ത മഴയിൽ ഫൈനൽ മത്സരം ഉപേക്ഷിച്ചു.പിറ്റേ വർഷം മുതൽ സബ് ജില്ലാതലം തൊട്ടായി മത്സരങ്ങൾ.ഇത് വരെയുള്ള സബ് ജില്ലാ മത്സരങ്ങളിൽ NAM തന്നെയാണ് ഒന്നാം സ്ഥാനത്ത്. സ്കൂൾസ് ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പെരിങ്ങത്തൂരിലെ കുട്ടികൾ സ്ഥിരം സാനിധ്യമായി.രണ്ട് പ്രാവശ്യം ദേശീയ സ്കൂൾ ഗെയിംസിലും വോളിബോളിൽ കേരള സ്കൂൾ ടീമിന് വേണ്ടി പെരിങ്ങത്തുർ NAM ലെ കുട്ടികൾ ജഴ്സി അണിഞ്ഞു.

    സംസ്ഥാന വോളിബോൾ അസോസിയേഷൻ കൊണ്ടുവന്ന പ്രഥമ ഇൻ്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ പയ്യന്നൂരിൽ വെച്ച് നടന്ന കണ്ണൂർ ജില്ലാ ചാമ്പ്യൻഷിപ്പിൽ NAM സ്കൂൾ ജേതാക്കളായി സ്കുൾ ജീവിതവും ,കളിയുമായി മുന്നോട്ട് പോവുന്നതിനിടയിൽ മൂന്ന് വർഷം മുമ്പ് കാൽമുട്ടിന് പരിക്കേറ്റു… അതോടെ ലോക്കൽ ടൂർണമെൻ്റിൽ സജീവമല്ലാതായി… ഈ വർഷം വീണ്ടും വിന്നേഴ്സ് നാദാപുരത്തിന് വേണ്ടി സീനിയർ ലീഗ് ചാമ്പ്യൻഷിപ്പിൽ കളത്തിലിറങ്ങി,ഞങ്ങളുടെ ടീം കോഴിക്കോട് ജില്ലാ ചാമ്പ്യൻമാരാവുകയും ചെയ്തു.വോളിബോൾ ജീവിതത്തിനിടയിൽ ഒരു പാട് ദേശീയ, അന്തർദേശീയ താരങ്ങൾക്കൊപ്പം ,കളിക്കാനും ഇടപഴകാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ കേരളത്തിലെല്ലാ ഭാഗങ്ങളിലും വലിയ സുഹൃത് വലയങ്ങൾ നേടിയെടുക്കാനും, പല സന്നിഗ്ദ ഘട്ടങ്ങളിലും പോലീസിലെയും, റെയിൽ വെയിലെയും താരങ്ങൾ തുണയായിട്ടുമുണ്ട്.അത് പോലെ എടുത്ത് പറയേണ്ട ഒരാൾ നാദാപുരം വന്നേഴ്സ് ക്ലബിൻ്റെ എല്ലാമെല്ലാമായ മുനീർ നാദാപുരം ആണ്.അദ്ദേഹത്തിന് വോളിബോളാണ് ജീവിതം എന്നെയും, ഇന്ത്യൻ താരം അസീസിനെയും, ഷഹറാസിനെയും ഒക്കെ വോളിബോളിലേക്ക് കൈ പിടിച്ച് ഉയർത്തിയത് ഈ വോളി സ്നേഹിയാണ്. വോളിബോളിൽ ഇൻ്റർനാഷണൽ താരങ്ങൾക്കെല്ലാം മുനീർ സുപരിചിതനാണ്. വോളിബോൾ എവിടെയുണ്ടോ അവിടെയെല്ലാം മുനീർ ഉണ്ടാവും. ഈ ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കുമ്പോൾ കളി ജീവിതം ചുരുക്കി കുറിച്ചിട്ടതാണ്.കളിക്കളത്തിൽ ഇനിയും കാണാം എന്ന പ്രതീക്ഷയോടെ….

 റഫീഖ് നാദാപുരം