അമ്മ ആശുപത്രിയിൽ, എന്നിട്ടും രാജസ്ഥാൻ റോയൽസ് വിടാതെ ടീമിനായി 100% നൽകുകയാണ് ; ഫൈനലിൽ എത്തിയതിനു പിന്നാലെ മനസ്സുതുറന്ന് കുമാർ സംഗക്കാര
വെള്ളിയാഴ്ച (മെയ് 27) നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് 2008നു ശേഷം ആദ്യമായി ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. മെയ് 29ന് നടക്കുന്ന ഫൈനലിൽ ഹാർദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസിനെയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് നേരിടുക ഫൈനലിൽ രാജസ്ഥാൻ റോയൽസ്.
ഫൈനലിൽ എത്തിയതിനു പിന്നാലെ ടൂർണ്ണമെന്റിലെ റോയൽസിന്റെ പ്രകടനത്തെയും കളിക്കാരുടെ മനശക്തിയെയും കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടർ കുമാർ സംഗക്കാര.കളിക്കാരുടെ കഠിനാധ്വാനവും പരിശീലനവുമാണ് റോയൽസിനെ ഫൈനലിൽ എത്തിച്ചതെന്ന് സംഗക്കാര പറഞ്ഞു. “ഇത് വളരെ സംതൃപ്തി നൽകുന്ന നിമിഷമാണ്. കഠിനാധ്വാനവും പരിശീലനവും എല്ലാം വിജയിച്ചു. ഗുജറാത്തിനെതിരായ പരാജയം നിരാശപ്പെടുത്തിയിരുന്നു, എന്നാൽ ഞങ്ങൾ തോൽവിയിൽ നിന്ന് ഉയർത്തെഴുന്നേറ്റു,” സംഗക്കാര പറയുന്നു.
ടീമിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ്നെ കുറിച്ച് സംഗക്കാര പറയുന്നതിങ്ങനെ. “ഞങ്ങളുടെ ബൗളിംഗ് യൂണിറ്റ് മികച്ചതാണ്. ആർസിബിക്കെതിരായ ജയത്തിൽ പ്രസിദിന് പ്രത്യേക ക്രെഡിറ്റ്. അവൻ എന്നോട് സത്യസന്ധത പുലർത്തിയ രീതി ശരിക്കും ശ്രദ്ധേയമായിരുന്നു. അവൻ വളരെ പ്രത്യേക കഴിവുള്ളവനാണ്. ബോൾട്ടും എപ്പോഴും മികച്ച് നിൽക്കുന്നു. മക്കോയിയുടെ അമ്മ വെസ്റ്റ് ഇൻഡീസിൽ അസുഖം ബാധിച്ച് കിടപ്പിലാണ്, എന്നിരുന്നാലും അവന്റെ പ്രതിബദ്ധത മികച്ചതാണ്. പിന്നെ സ്പിൻ ജോഡി അസാമാന്യമായ പ്രതിഭകളാണ്.”
“പരിചയസമ്പന്നരായ അന്താരാഷ്ട്ര കളിക്കാരുടെ ഒരു കൂട്ടമാണ് ഞങ്ങളുടെ ഗ്രൂപ്പിന്റെ കാതൽ. ഗുജറാത്തിനെതിരെ അടിസ്ഥാനകാര്യങ്ങൾ ശരിയാക്കാൻ ഞങ്ങൾ നോക്കും. ആ ദിവസം നന്നായി കളിക്കുന്നവൻ വിജയിക്കും,” സംഗക്കാര പറഞ്ഞു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്.