കയ്യടിക്കഡാ പിള്ളേരേ കയ്യടിക്ക്!! ക്യാപ്റ്റൻ കോഹ്ലിയുടെ ആഹ്വാനം ഏറ്റെടുത്ത് സഹതാരങ്ങൾ

കേപ് ടൗണിലെ ന്യൂലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിന്റെ രണ്ടാം ദിനം, ഇന്ത്യൻ ബൗളർമാർക്ക്‌ മുന്നിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സിൽ 210 റൺസിന് അടിയറവ് പറഞ്ഞു. ഒന്നാം ഇന്നിംഗ്സിൽ വിരാട് കോഹ്‌ലി (79) നേടിയ അർദ്ധസെഞ്ച്വറിയുടെ കരുത്തിൽ, ടീം ഇന്ത്യ 223 റൺസ് എടുത്തിരുന്നു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി, കീഗൻ പീറ്റഴ്സൺ (72) അർദ്ധസെഞ്ച്വറി നേടി ചെറുത്തു നിൽപ്പ് നടത്തിയെങ്കിലും, ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പ്രോട്ടീസ് ബാറ്റർമാർക്ക് പിടിച്ചു നിൽക്കാൻ ആകാതെ വന്നതോടെ, ദക്ഷിണാഫ്രിക്ക 210 റൺസിന് ഓൾഔട്ട്‌ ആവുകയും, ഇന്ത്യ 13 റൺസിന്റെ ലീഡ് നേടുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി ബുംറ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ്‌ ഷമിയും ഉമേഷ്‌ യാദവും 2 വീതം വിക്കറ്റുകളും, ഷാർദുൽ താക്കൂർ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യൻ ബൗളർമാരുടെ ക്ലിനിക്കൽ ബൗളിംഗിനിടയിൽ, ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഡഗ് ഔട്ടിൽ ഇരിക്കുന്ന സഹതാരങ്ങളോട് കയ്യടിക്കാൻ ആവശ്യപ്പെടുന്ന രംഗം ക്രിക്കറ്റ്‌ ആരാധകരുടെ അഭിനന്ദനങ്ങൾക്ക്‌ വഴിയൊരുക്കി. കോവിഡ് സാഹചര്യങ്ങൾ മൂലം, കാണികളെ അനുവദിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരമായതിനാൽ, തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ കോഹ്‌ലി സഹതാരങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

“കീപ്പ് ക്ലാപ്പിംഗ് ബോയ്സ്.. കീപ്പ് ക്ലാപ്പിംഗ്..” എന്ന് കോഹ്‌ലി മൈതാനത്ത് നിന്ന് വിളിച്ചു പറഞ്ഞതിന് പിന്നാലെ, ഡഗ് ഔട്ടിൽ ഇരുന്നിരുന്ന മുഹമ്മദ്‌ സിറാജ് ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കയ്യടിക്കാനും, ഉറക്കെ ശബ്ദമുണ്ടാക്കാനും തുടങ്ങി. ഇതോടെ കോഹ്ലിയുടെ സാന്നിധ്യം ഇന്ത്യക്ക്‌ നൽകിയ ഊർജ്ജം ചൂണ്ടിക്കാണിച്ച് ആരാധകർ കോഹ്ലിയെ പ്രശംസിച്ച് രംഗത്തെത്തി. ഇത്‌ കോഹ്‌ലി തന്റെ ടീമിന് എത്രമാത്രം പ്രധാനപ്പെട്ട താരമാണ് എന്ന് വ്യക്തമാക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.