38ആം വയസ്സിലും പറക്കും ക്യാച്ച് 😱വീണ്ടും ഞെട്ടിച്ച് ഡാൻ ക്രിസ്ട്യൻ

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഡാനിയേൽ ക്രിസ്റ്റ്യൻ. ലോകത്തിലെ വ്യത്യസ്ഥ ടി20 ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ 38-ാം വയസ്സിലും സജീവമായ ക്രിസ്റ്റ്യൻ, നിലവിൽ ബിഗ് ബാഷ് ലീഗ് ടൂർണമെന്റിൽ സിഡ്നി സിക്സേഴ്സ്‌ ടീമിന്റെ ഭാഗമാണ്. ‘പ്രായം വെറും അക്കം മാത്രമാണ്’ എന്ന പഴമൊഴിക്ക്‌ ഉദാഹരണമാണ് ക്രിസ്റ്റ്യൻ എന്ന് ക്രിക്കറ്റ്‌ ലോകം മുഴുവൻ പറയുമ്പോൾ, ആ വാചകം തനിക്ക് ചേർന്നതാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വെറ്ററൻ ഓൾറൗണ്ടർ.

പുരോഗമിക്കുന്ന 2021-22 ബിഗ് ബാഷ് ലീഗ് ടൂർണമെന്റിലെ 34-ാം മത്സരത്തിൽ, സിഡ്നി സിക്സേഴ്സിനെതിരെ പെർത്ത് സ്കോച്ചേഴ്സ്‌ 10 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയപ്പോൾ, പരാജയത്തിലും സിഡ്നി സിക്സേഴ്സിന്റെ ഒറ്റയാൾ പോരാളിയായ ക്രിസ്റ്റ്യൻ ശ്രദ്ധേയനായി. ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ക്രിസ്റ്റ്യൻ, ഒരു തകർപ്പൻ ക്യാച്ച് എടുത്ത് ഫീൽഡിംഗിലും തന്റെ മികവ് പുറത്തെടുത്തു.

ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത പെർത്ത് സ്കോച്ചേഴ്സ്‌ 20 ഓവറിൽ 143 റൺസെടുത്തപ്പോൾ, 4 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി ഡാനിയേൽ ക്രിസ്റ്റ്യൻ സിഡ്നിയുടെ ബോളിംഗ് നിരയിൽ മികവ് പുലർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിഡ്നിയുടെ ടോപ് ഓർഡർ ബാറ്റർമാർ ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ, വാലറ്റത്ത് ഡാനിയേൽ ക്രിസ്റ്റ്യൻ (73) അർദ്ധസെഞ്ച്വറി നേടി നടത്തിയ ചെറുത്തു നിൽപ്പാണ് സിഡ്നിയെ 20 ഓവറിൽ 133/8 എന്ന നിലയിൽ എത്തിച്ചത്.

മത്സരത്തിൽ, കാണികളെ അമ്പരപ്പിച്ചുകൊണ്ട് ഒരു തകർപ്പൻ ഫ്ലയിംഗ് ക്യാച്ചും ക്രിസ്റ്റ്യൻ എടുത്തു. ഹെയ്‌ഡൻ കെറിന്റെ പന്ത്‌ പെർത്ത് ക്യാപ്റ്റൻ ആഷ്ടൺ ടർണർ, കവറിൽ നിന്നിരുന്ന ക്രിസ്റ്റ്യന്റെ തലയ്ക്ക് മുകളിലൂടെ പായിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, രണ്ട് കയ്യും ഉയർത്തി കുതിച്ചു ചാടിയ ക്രിസ്റ്റ്യൻ, പന്ത് കൈപിടിയിലൊതുക്കാൻ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും, രണ്ടാം ശ്രമത്തിൽ വെറ്ററൻ ഓൾറൗണ്ടർ തന്റെ ഒറ്റകയ്യിൽ പന്ത് ഒതുക്കുകയായിരുന്നു.