എന്തിനാണ് വിരാട് കോഹ്‌ലിയെ പൊക്കിപ്പിടിച്ച് നടക്കുന്നത് ; വിരാട് കോഹ്ലിയേക്കാൾ മികച്ച കളിക്കാരൻ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരായി കണക്കാക്കുന്ന താരങ്ങളാണ് വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവർ. ‘ഫാബ് ഫോർ’ എന്നാണ് ഈ താരങ്ങളെ ക്രിക്കറ്റ്‌ ലോകത്ത് വിളിക്കുന്നത്. ഇക്കൂട്ടരിൽ ആരാണ് മികച്ചത് എന്ന കാര്യത്തിൽ എല്ലാകാലത്തും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ഇവരിൽ മികച്ച താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

പുരോഗമിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ മികച്ച ഫോമിലാണ് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്. ഏറ്റവും ഒടുവിൽ, ട്രെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം ടെസ്റ്റിൽ 176 റൺസ് നേടിയ റൂട്ട്, ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇതിനുപിന്നാലെ റൂട്ടിന് പ്രശംസയുമായി എത്തിയ ആകാശ് ചോപ്ര, നിലവിൽ ഫാബ് ഫോറിലെ ഏറ്റവും മികച്ച താരം റൂട്ട് ആണെന്ന് വ്യക്തമാക്കി. 2021 മുതലുള്ള കണക്കെടുത്താൽ റൂട്ട് 10 ടെസ്റ്റ്‌ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നാൽ, ഫാബ് ഫോറിലെ മറ്റു മൂന്ന് പേർക്കും ഈ കാലയളവിൽ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാനായില്ല എന്ന് ആകാശ് ചോപ്ര അടിവരയിട്ടു പറഞ്ഞു.

കോഹ്‌ലി തന്റെ 27-ാം സെഞ്ച്വറി നേടുമ്പോൾ റൂട്ട് ആകെ 17 സെഞ്ച്വറിയാണ്‌ നേടിയിരുന്നത് എന്ന് ചോപ്ര പറഞ്ഞു. എന്നാൽ, ഇപ്പോൾ ഇരുവരും തുല്യരാണ്. “ഫാബ് ഫോറിലെ ബാക്കിയുള്ളവർ നേരത്തെ ഉണ്ടായിരുന്നിടത്ത് കുടുങ്ങിക്കിടക്കുകയാണ്. അത് സ്റ്റീവ് സ്മിത്തായാലും കെയ്ൻ വില്യംസണായാലും, 2021-ന് ശേഷം ആരും ഒരു സെഞ്ച്വറി പോലും അവരുടെ അക്കൗണ്ടിൽ ചേർത്തിട്ടില്ല. എന്നാൽ, അദ്ദേഹം (റൂട്ട്) 10 സെഞ്ച്വറി അടിച്ചു,” ആകാശ് ചോപ്ര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“നിങ്ങൾ സമ്മതിക്കണം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ജോ റൂട്ടാണ്, അദ്ദേഹത്തോട് അടുത്ത് ഇന്ന് ആരുമില്ല. ബാറ്റിംഗ് എളുപ്പമല്ലാത്ത ഇംഗ്ലണ്ടിൽ അദ്ദേഹം വളരെയധികം റൺസ് നേടുന്നു. ആദ്യ ഇന്നിംഗ്‌സ്, രണ്ടാം ഇന്നിംഗ്‌സ്, ആദ്യ ടെസ്റ്റ്, രണ്ടാം ടെസ്റ്റ്, ഇന്ത്യ, ശ്രീലങ്ക എന്നിങ്ങനെ എല്ലായിടത്തും അദ്ദേഹം കൂടുതൽ റൺസ് സ്‌കോർ ചെയ്യുന്നു,” ആകാശ് ചോപ്ര പറഞ്ഞു.