ഐപിൽ ഫോമിൽ അവൻ ഹിറ്റാണ്!!കഴിവ് നോക്കിയല്ല താരങ്ങളെ തിരഞ്ഞെടുക്കുന്നത്: സെലക്ടർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സ്‌ക്വാഡ് തിരഞ്ഞെടുപ്പിനെ പരോക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ടീം തിരഞ്ഞെടുപ്പിലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ആകാശ് ചോപ്ര രംഗത്തെത്തിയത്. ഒരു വർഷം മുമ്പ് ശ്രീലങ്കയിൽ നടന്ന വൈറ്റ് ബോൾ പരമ്പരയിൽ ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശിഖർ ധവാനെ, സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നത് മുൻ ഇന്ത്യൻ താരം പ്രത്യേകം പരാമർശിച്ചു.

ഇന്ത്യക്കായി 68 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള ധവാൻ 126.36 സ്‌ട്രൈക്ക് റേറ്റിൽ 1759 റൺസ് നേടിയിട്ടുണ്ട്. 2021 ജൂലൈയിൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുശേഷം, 36 കാരനായ അദ്ദേഹം രാജ്യത്തിനായി ഒരു ടി20 മത്സരം കളിച്ചിട്ടില്ല. പരിചയ സമ്പന്നരായ ബാറ്റ്‌സ്മാൻമാരുടെ അഭാവത്തിൽ ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ ആശ്രയിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിലെ ഒരു ചോദ്യോത്തര സെഷനിൽ ഗെയ്‌ക്‌വാദിനേക്കാൾ മികച്ച ചോയ്‌സ് ധവാൻ ആയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ആകാശ് ചോപ്ര. “ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലാനിൽ ധവാൻ ഉണ്ടെങ്കിൽ, ഉണ്ടാവും. ഇല്ലെങ്കിൽ ഇല്ല. കാരണം, പ്രകടനത്തെ അടിസ്ഥാനമാക്കിയല്ല ഇപ്പോഴുള്ള ടീം തിരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്ന് വർഷമായി ഐപിഎല്ലിൽ ധവാൻ മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഒരു വർഷം മുമ്പ് ശ്രീലങ്കയിൽ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഇപ്പോൾ ടീമിൽ പോലുമില്ലാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു,” ആകാശ് ചോപ്ര പറയുന്നു.

“ലോകകപ്പിനുള്ള ടീമിലേക്ക് സെലക്ടർമാർ ധവാനെ പരിഗണിക്കുന്നുണ്ടായിരുന്നെങ്കിൽ, അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഉണ്ടാകേണ്ടതായിരുന്നു. ടീമിലുണ്ടായിരുന്നെങ്കിൽ ധവാൻ ക്യാപ്റ്റനാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ, അത് ധവാൻ ലോകകപ്പിന് ഉണ്ടാകാനുള്ള ഒരു സാധ്യതയായിരുന്നു,” ചോപ്ര കൂട്ടിച്ചേർത്തു.