സെലക്ടർമാർ അവനെ എന്തുകൊണ്ട് കണ്ടില്ല!! രൂക്ഷ വിമർശനവുമായി മുൻ താരം

ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ തുടരുന്ന ചർച്ചകളും വിമർശനങ്ങളും അവസാനിക്കുന്നില്ല. ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിൽ സെലക്ടർമാരുടെ ചില തീരുമാനങ്ങൾ തെറ്റായെന്ന് നിരവധി മുൻ ഇന്ത്യൻ താരങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറ്റവും ഒടുവിൽ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയാണ് ഇന്ത്യയുടെ ഏഷ്യ കപ്പ് ടീം തിരഞ്ഞെടുപ്പിനെ കുറിച്ച് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ടീമിൽ ഫാസ്റ്റ് ബോളർ മുഹമ്മദ്‌ ഷമിയെ ഉൾപ്പെടുത്താത്തതാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്.

നിലവിൽ, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, ആവേഷ് ഖാൻ എന്നിവരാണ് ഫാസ്റ്റ് ബൗളർമാരായി ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ, ടീമിലെ ഫാസ്റ്റ് ബൗളർമാരുടെ എണ്ണം കുറഞ്ഞുപോയി എന്നും സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടും എന്തുകൊണ്ട് മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നു എന്നുമാണ് ആകാശ ചോപ്ര ഉന്നയിക്കുന്ന വിഷയം.

“പിച്ചിൽ നിറയെ പുല്ലുണ്ട്. ടൂർണമെന്റിനിടെ പിച്ച് ഇടയ്ക്കിടെ മാറും എന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ ഈ പിച്ചിൽ പേസർമാർക്ക് കാര്യമായ സംഭാവന ചെയ്യാൻ കഴിയും. ഇത് നമ്മൾ ഐപിഎല്ലിൽ കണ്ടതാണ്. പ്ലെയിങ് ഇലവനിൽ 3 ഫാസ്റ്റ് ബൗളർമാരെങ്കിലും വേണ്ടിവരും, എന്നാൽ ടീം ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിൽ ആകെ 3 ഫാസ്റ്റ് ബൗളർമാർ മാത്രമാണ് ഉള്ളത്,” ആകാശ് ചോപ്ര പറയുന്നു.

“ഭുവനേശ്വർ കുമാറും അർഷദീപ് സിംഗും നല്ല തിരഞ്ഞെടുപ്പ് തന്നെ. ആവേഷ് ഖാനും മുഹമ്മദ് ഷമിയും തമ്മിൽ ആയിരിക്കും മൂന്നാം ഫാസ്റ്റ് ബൗളറാവാൻ മത്സരിച്ചിട്ടുണ്ടാവുക. സമീപകാല പ്രകടനങ്ങളെ അടിസ്ഥാനമാക്കി മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരഞ്ഞെടുക്കാവുന്നതായിരുന്നു. അല്ലെങ്കിൽ, ഷമിയേയും ആവേഷ് ഖാനെയും ഉൾപ്പെടുത്തി നാല് ഫാസ്റ്റ് ബൗൾമാരെ ടീമിലേക്ക് തിരഞ്ഞെടുക്കാമായിരുന്നു, എന്തുകൊണ്ടാണ് സെലക്ടർമാർ ഷമിയെ തിരഞ്ഞെടുക്കാതിരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” ആകാശ് ചോപ്ര പറഞ്ഞു.