സഞ്ജുവിനെ ഉൾപ്പെടുത്താത്തതിലുള്ള മലയാളികളുടെ പ്രതിഷേധമോ; ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം

കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞുപോയതിനെ കുറിച്ചുള്ള ചർച്ചകൾ ദേശീയ മാധ്യമങ്ങൾ വരെ ചർച്ച ചെയ്യുകയാണ്. ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്നവരാണ് മലയാളികൾ എങ്കിൽ പോലും, ഒരു ഞായറാഴ്ച ദിവസമായിരുന്നിട്ടും സ്റ്റേഡിയത്തിലെ പാതി സീറ്റും ഒഴിഞ്ഞു കിടന്നത് എന്തുകൊണ്ടാണ് എന്നതിന് വിവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ശബരിമല സീസൺ, പൊങ്കൽ ആഘോഷം, സിബിഎസ്ഇ പരീക്ഷക്കാലം എന്ന് തുടങ്ങി, ഏകദിന മത്സരങ്ങളോട് ആരാധകർക്കുള്ള പ്രിയം കുറഞ്ഞുവരുന്നു, പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ തന്നെ മൂന്നാമത്തെ മത്സരത്തിന്റെ ഫലം അപ്രസക്തമായിരുന്നു, എന്നിങ്ങനെ സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞതിന് കാരണങ്ങൾ ഏറെയാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ മറ്റൊരു സാഹചര്യമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിക്കുന്നത്.

sanju v

സഞ്ജു സാംസണിന്റെ അഭാവം മത്സരത്തിൽ കാണികൾ കുറഞ്ഞതിന് ഒരു കാരണമായി താൻ കരുതുന്നു എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞത്. “തിരുവനന്തപുരത്ത് നടന്ന മത്സരത്തിലെ ഫലം സന്തോഷം നൽകുന്നതാണെങ്കിലും, സ്റ്റേഡിയത്തിലെ അന്തരീക്ഷം വ്യക്തിപരമായി എനിക്ക് അത്ര മതിപ്പ് ഉളവാക്കുന്നതല്ല. സ്റ്റേഡിയത്തിലെ കാണികളെ കാണുമ്പോൾ ഏകദിന ക്രിക്കറ്റ് അവസാനിക്കുകയാണോ എന്ന് എനിക്ക് തോന്നി പോകുന്നു,” ആകാശ് ചോപ്ര പറഞ്ഞു.

“സഞ്ജു സാംസണിന്റെ അഭാവം ഒരു പരിധിവരെ ആരാധകരെ പിന്തിരിപ്പിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവിന്റെ ജന്മനാട്ടിലാണ് മത്സരം നടന്നത്. അതുകൊണ്ടുതന്നെ ആരാധകരുടെ ഒരു പ്രതിഷേധമായി എനിക്ക് ഇതിനെ കണക്കാക്കാൻ തോന്നുന്നു,” ആകാശ് ചോപ്ര പറഞ്ഞു. തീർച്ചയായും ആകാശ് ചോപ്രയുടെ വാക്കുകൾ പൂർണമായി തള്ളിക്കളയാൻ ആകില്ല. എന്നിരുന്നാലും നിലവിൽ സഞ്ജു പരിക്കിന്റെ പിടിയിലാണെന്നതിനാൽ തന്നെ, അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത് മലയാളികൾ ഒരു പ്രതിഷേധത്തിന് കാരണമാക്കും എന്ന കാര്യം വസ്തുതാ വിരുദ്ധമാണ്.

3.3/5 - (6 votes)