ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി സഞ്ജു സാംസണിന്റെ പേര് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം

രോഹിത് ശർമ്മക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റൻ ആരാകും എന്ന ചർച്ചകൾ രോഹിത് ക്യാപ്റ്റൻസി ഏറ്റെടുത്ത കാലം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. 35-കാരനായ രോഹിത്തിന് ഇനിയും ദീർഘകാലം ഇന്ത്യൻ ടീമിൽ തുടരാനാകില്ല എന്ന കണക്കുകൂട്ടലുകളാണ്, ഈ ചർച്ചക്ക് ആധാരം. കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ തുടങ്ങി നിരവധി പേരുകളാണ് രോഹിത്തിന്റെ പിൻഗാമിയായി പറഞ്ഞു കേൾക്കുന്നത്.

എന്നാൽ, ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര നടത്തിയിരിക്കുന്നത്. രോഹിത്തിന്റെ പിൻഗാമിയായി മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യയുടെ ക്യാപ്റ്റനായി സ്ഥാനമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തൽ. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരെയും ചോപ്ര പരാമർശിച്ചപ്പോൾ, കെഎൽ രാഹുലിനെ ഈ സാധ്യതയിൽ നിന്ന് അപ്പാടെ തള്ളിക്കളയുകയാണ് ആകാശ് ചോപ്ര.

“സഞ്ജു സാംസൺ, ഋഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരാണ് രോഹിത്തിന്റെ പിൻഗാമിയായി ഇന്ത്യയുടെ ക്യാപ്റ്റൻ ആകാൻ സാധ്യതയുള്ള കളിക്കാരായി ഞാൻ കണക്കാക്കുന്ന പട്ടിക. ഇവരിൽ സഞ്ജുവിനാണ് ഞാൻ മുൻഗണന നൽകുന്നത്. കഴിഞ്ഞ, ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിൽ എനിക്ക് ഏറ്റവും കൂടുതൽ ആകർഷണം തോന്നിയത്, അദ്ദേഹത്തിന്റെ ബൗളിംഗ് തിരഞ്ഞെടുപ്പുകൾ ആണ്,” ആകാശ് ചോപ്ര പറഞ്ഞു.

“എന്നാൽ, ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനായി ഋഷഭ് പന്ത് സ്ഥാനമേൽക്കും. ആക്രമിച്ചു കളിക്കുന്ന ഒരു നായകനെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏത് ടീമും ആഗ്രഹിക്കും. രാഹുൽ ഒരു ക്ലാസ് ബാറ്റർ ആണെന്ന് കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല, എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വ മികവിൽ എനിക്ക് വിശ്വാസമില്ല,” ആകാശ് ചോപ്ര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.