ഐപിഎല്ലിന് അ ന്തകൻ ജനിക്കുന്നു!! മുന്നറിയിപ്പ് നൽകി ആകാശ് ചോപ്ര

ഇന്ത്യയുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് ഒരു വെല്ലുവിളി ഉയർന്നു വരുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കമന്റേറ്റർ ആയ ആകാശ് ചോപ്ര. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയവും പണമൊഴുക്കുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. എന്നാൽ, യുഎഇ ടി20 ക്രിക്കറ്റ് ലീഗ് ഐപിഎല്ലിന് ഒരു വലിയ വെല്ലുവിളിയായി മാറും എന്നാണ് ആകാശ് ചോപ്ര കരുതുന്നത്.

യുഎഇ ക്രിക്കറ്റ് ലീഗിലെ താര ലേലത്തിൽ കളിക്കാർക്ക് വാഗ്ദാനം ചെയ്യുന്ന പണമാണ് അവരുടെ പ്രധാന ആകർഷണം. നിലവിൽ ഒരു കളിക്കാരന് 3.5 കോടി രൂപയോളം യുഎഇ ക്രിക്കറ്റ് ലീഗ് താരതത്തിൽ ബിഡ്ഡുകൾ ഉയരുന്നുണ്ട്. കളിക്കാർക്ക് വാഗ്ദാനം ചെയ്യുന്ന തുക കൂടുംതോറും, ലോക ക്രിക്കറ്റിലെ കൂടുതൽ മികച്ച കളിക്കാർ യുഎഇ ക്രിക്കറ്റ് ലീഗിലേക്ക് വരും എന്ന ആശങ്കയാണ് ആകാശ ചോപ്ര പങ്കുവെക്കുന്നത്.

“ഇന്ന് ക്രിക്കറ്റ്‌ ലോകത്തെ കോർപ്പറേറ്റ് സമ്പത്ത് വ്യവസ്ഥ എല്ലാം മാറിയിരിക്കുന്നു. വർഷത്തിൽ 365 ദിവസമാണ് ഉള്ളതെങ്കിലും, ഇന്ന് ഓരോ വർഷത്തിലും 700 ദിവസങ്ങളിലായി നടക്കേണ്ട അത്ര കളികളാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തിൽ കളിക്കാർ കൂടുതൽ പണം എവിടുന്ന് ലഭിക്കുന്നൊ അവിടേക്ക് ആകർഷരാകും. യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ അവർ കളിക്കാർക്ക് വാഗ്ദാനം ചെയ്യുന്ന തുക ഐപിഎല്ലിന് ഭീഷണിയായേക്കും,” ആകാശ് ചോപ്ര പറഞ്ഞു.

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളുടെ അതികം, അന്താരാഷ്ട്ര മത്സരങ്ങളുടെ പ്രാധാന്യം കുറയ്ക്കും എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. എന്നാൽ, മുൻ ഇന്ത്യൻ താരവും മുൻ പരിശീലകനുമായ രവി ശാസ്ത്രി, രാജ്യാന്തര മത്സരങ്ങളുടെ എണ്ണം കുറച്ച്, ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾക്ക് കൂടുതൽ മുൻഗണന നൽകണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിവർഷം രണ്ട് ഐപിഎല്ലുകൾ വരെ നടത്താം എന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.