ഇങ്ങനെയാണെങ്കിൽ ഇനി ദിനേശ് കാർത്തിക്കിനെ കളിപ്പിക്കരുത് ; വിമർശനവുമായി ആകാശ് ചോപ്ര

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടി20 മത്സരത്തിൽ, വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കിന് മുമ്പേ ഓൾറൗണ്ടർ അക്സർ പട്ടേലിനെ ബാറ്റ് ചെയ്യാൻ ഇറക്കിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാന ഓറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാൻ കെൽപ്പുള്ള ദിനേശ് കാർത്തിക്കിന് പകരം, താരതമ്യേനെ അത്ര മികച്ച പവർ ഹിറ്റർ അല്ലാത്ത അക്സർ പട്ടേൽ 6-ാമനായി ക്രീസിൽ എത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

14-ാം ഓവറിൽ സൂര്യകുമാർ യാദവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് അക്സർ പട്ടേൽ എത്തിയത്. ധാരാളം ബോളുകൾ ബാക്കി നിൽക്കെ ക്രീസിൽ എത്തിയ അക്സർ പട്ടേലിന് കാര്യമായ സംഭാവന നൽകാനും ആയില്ല. 5 പന്തിൽ 6 റൺസ് മാത്രം എടുത്ത് അക്സർ പട്ടേൽ ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ മടങ്ങുകയും ചെയ്തു. ശേഷമെത്തിയ ദിനേശ് കാർത്തിക്കിന് ആകട്ടെ, ക്രീസിൽ നിലയുറപ്പിക്കാൻ മതിയായ സമയം ലഭിക്കുകയും ചെയ്തില്ല.

ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര പ്രതികരണം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കാൻ ആണെങ്കിൽ ദിനേശ് കാർത്തിക്കിനെ കളിപ്പിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. “13.3-ാം ഓവറിൽ ആണ് അക്സർ പട്ടേൽ ക്രീസിൽ എത്തുന്നത്. 39 പന്തുകൾ ശേഷിക്കെ എന്തുകൊണ്ടാണ് ദിനേഷ് കാർത്തിക്കിനെ ഇറക്കാതിരുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,” ആകാശ് ചോപ്ര പറയുന്നു.

“ഒരു വിക്കറ്റ് കീപ്പർക്ക് 20 പന്തുകളെങ്കിലും ഒരു മത്സരത്തിൽ ലഭിച്ചാലെ എന്തെങ്കിലും ഇമ്പാക്ട് സൃഷ്ടിക്കാൻ ആവുകയുള്ളൂ. 13.3 ഓവർ എന്നത് ദിനേശ് കാർത്തിക്കിനെ ഇറക്കാവുന്ന നല്ല സമയമായിരുന്നു. അദ്ദേഹത്തിന് തീർച്ചയായും 20 പന്തുകളെങ്കിലും നേരിടാമായിരുന്നു. ഇത്തരത്തിൽ കളിപ്പിക്കാനാണെങ്കിൽ ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നതായിരിക്കും നല്ലത്. ദിനേശ് കാർത്തിക്കിന് മുന്നേ അക്സർ പട്ടേലിനെ ഇറക്കിയത് ഒരു തെറ്റായ തീരുമാനം ആയിരുന്നു,” ആകാശ് ചോപ്ര പറഞ്ഞു.