ഫാൻസ്‌ സപ്പോർട്ട് മാത്രം പോരല്ലോ സഞ്ജു 😮സഞ്ജുവിനെ വിമർശിച്ചു ആകാശ് ചോപ്ര

ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ ആരാധക പിന്തുണ വളരെ വലുതാണെന്ന് മലയാളികളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യയിൽ മാത്രമല്ല, ഇന്ത്യ വിദേശ പര്യടനത്തിനു പോകുമ്പോഴും വിദേശ രാജ്യങ്ങളിലും സഞ്ജു ആരാധകർ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്നാൽ, സഞ്ജുവിന്റെ ആരാധക പിന്തുണ വളരെ വലുതാണെന്ന് സമ്മതിക്കുമ്പോഴും സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവി അത്ര സുഖകരമാവില്ല എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

“സഞ്ജുവിന്റെ ആരാധക പിന്തുണ വളരെ വലുതാണ്. അത് വിദേശത്ത് പോലും നമ്മൾ കണ്ടതാണ്. ഇന്റർനെറ്റ് ലോകത്തും അവർ വളരെ സജീവമാണ്. എന്നാൽ, വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനുള്ള മത്സരത്തിൽ സഞ്ജു പിന്നിലാണെന്നാണ് ഞാൻ കരുതുന്നത്,” മുൻ ഇന്ത്യൻ ഓപ്പണർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

സഞ്ജു ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ സാധ്യത പട്ടികയിൽ പിന്നിലാണെന്ന് പറയാനുള്ള കാരണവും ആകാശ് ചോപ്ര വിശദീകരിക്കുന്നുണ്ട്. “കഴിഞ്ഞ 6 മത്സരങ്ങളിൽ സഞ്ജുവിന്റെ ശരാശരി 44 ആണ്, 158 സ്ട്രൈക്ക് റേറ്റും ഉണ്ട്. ഐപിഎൽ കണക്കുകളിലും മോശമല്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ 17 കളികളിൽ നിന്ന് 28 ശരാശരിയിൽ 147 സ്ട്രൈക്ക് റേറ്റോടെ 458 റൺസ് സഞ്ജു നേടിയിട്ടുണ്ട്. എന്നാൽ, സഞ്ജുവിന്റെ ഈ പ്രകടനം വന്നത്, അദ്ദേഹം ആദ്യം മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തപ്പോഴാണ്,” ആകാശ് ചോപ്ര പറയുന്നു.

“ഇന്ത്യൻ ടീമിൽ നിലവിൽ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരാണ് ടോപ് ഓർഡർ ബാറ്റർമാർ. ഇവരെ കൂടാതെയും ടോപ്പ് ഓർഡറിൽ നിരവധി ബാറ്റർമാർ ഉണ്ട്. ഒരു മധ്യനിര ബാറ്റർ എന്ന നിലയിലേക്കാണ് സഞ്ജു ഇനി ഉയർന്നു വരേണ്ടത്. നിലവിലെ സാഹചര്യത്തിൽ, സഞ്ജുവിന് ഇന്ത്യൻ ടീമിൽ ഇടം ഉണ്ടാകില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്,” ആകാശ് ചോപ്ര വ്യക്തമാക്കി.