ഐപിഎല്ലിലെ പോലെ 16 കോടി ആർക്കേലും ലഭിക്കുമോ: പാകിസ്ഥാൻ ടി20 ലീഗിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 2022 പതിപ്പ് വിജയകരമായി പൂർത്തിയായി ഏകദേശം ഒരു മാസം പിന്നിടുമ്പോൾ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ അടുത്ത വർഷം ആരംഭിക്കുന്ന പിഎസ്എൽ സീസണിൽ നിലവിലെ ഡ്രാഫ്റ്റ് സമ്പ്രദായത്തിന് പകരം ഐപിഎൽ ലേല മാതൃക നിർദ്ദേശിച്ചു. പുതിയ നിർദേശം എതിരാളിയായ ഇന്ത്യയുടെ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലുമായി മത്സരിക്കുന്നതിന് മാത്രമല്ല, അത് നിലവിലെ ടൂർണമെന്റ് മികച്ചതാക്കാൻ കൂടിയാണെന്ന് രാജ പറഞ്ഞു.

അതേസമയം, പിഎസ്എൽ ടൂർണമെന്റിനെ പരസ്യമായി പരിഹസിച്ച് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ആകാശ് ചോപ്ര രംഗത്തെത്തി. പിഎസ്എല്ലിൽ ഡ്രാഫ്റ്റുകൾക്ക് പകരം ലേലം കൊണ്ടുവന്നാൽ, ആ ലേലത്തിൽ 16 കോടി എന്ന അതിശയകരമായ തുകയ്ക്ക് ഏതെങ്കിലും ഫ്രാഞ്ചൈസി തങ്ങളെ സ്വന്തമാക്കുമെന്ന് ഒരു കളിക്കാരനും സ്വപ്നം പോലും കാണില്ലെന്ന് ചോപ്ര പറഞ്ഞു. ഐപിഎല്ലുമായി മത്സരിക്കാനോ സ്വയം താരതമ്യം ചെയ്യാനോ പോലും പിഎസ്എല്ലിന് അർഹതയുണ്ടോ എന്ന് ചോപ്ര ചോദിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗായി തുടരുന്നത് എന്തുകൊണ്ടാണെന്നും ചോപ്ര വിശദീകരിക്കുന്നു. അതിനായി 2021 ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായ ക്രിസ് മോറിസിന്റെ ആ സീസണിലെ ഓരോ പന്തും എത്ര വിലയേറിയതായിരുന്നു എന്ന കാര്യം ഒരു ഉദാഹരണമായി ആകാശ് ചോപ്ര പറഞ്ഞു.

“വളരെ സത്യസന്ധമായി പറഞ്ഞാൽ, ക്രിസ് മോറിസ്‌ 2021 ഐപിഎൽ സീസണിൽ എറിഞ്ഞ ഒരു പന്ത്, മറ്റ് ലീഗുകളിലെ കളിക്കാരുടെ ശമ്പളത്തേക്കാൾ ചെലവേറിയതായിരുന്നു. PSL ആയാലും BBL ആയാലും Hundred ആയാലും CPL ആയാലും IPL-മായി സ്വയം മത്സരിക്കാനോ താരതമ്യം ചെയ്യാനോ സാധിക്കുമോ? അത് അല്പം അതിരു കടന്ന മോഹമല്ലേ? ” ആകാശ് ചോപ്ര അദ്ദേഹത്തിന്റെ ഓദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.