ബാംഗ്ലൂർ കിരീടം നേടാൻ കോഹ്ലി പതിനെട്ടാം അടവ് :ഡിവില്ലേഴ്സ് അഭാവത്തിൽ കോഹ്ലിയുടെ ബാറ്റിങ് നമ്പർ പ്രവചിച്ച് ആകാശ് ചോപ്ര
വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസിസ്, ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക് എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ ബാറ്റിംഗ് നിരയുമായാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ 15-ാം സീസണിനെത്തുന്നത്. നായകൻ ഡുപ്ലസിസ് ഓപ്പണിങ് റോളിൽ സ്ഥാനമുറപ്പിക്കുമ്പോൾ, മറ്റൊരു ഓപ്പണർ ആരായിരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, മധ്യനിരയിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന്റെയും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കിന്റെയും അനുഭവസമ്പത്ത് ആർസിബിക്ക് മുതൽക്കൂട്ടാവും.
എന്നിരുന്നാലും, മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ല്യേഴ്സിന്റെ അഭാവം ആർസിബി ബാറ്റിംഗ് ലൈനപ്പിനെ എങ്ങനെ ബാധിക്കും എന്ന ആശങ്ക ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. 2021 നവംബറിൽ ഗെയിമിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാലാണ് ഫ്രാഞ്ചൈസിക്ക് അവരുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡിവില്ലിയേഴ്സിന്റെ സേവനം നഷ്ടമാകുന്നത്.
എന്നാൽ, ആർസിബിയുടെ ബാറ്റിംഗ് ഓർഡറിൽ ഡിവില്ലിയേഴ്സിന്റെ അഭാവം കണക്കിലെടുത്ത് കോഹ്ലി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. “കഴിഞ്ഞ വർഷം കോഹ്ലി ബാറ്റിംഗ് ഓപ്പൺ ചെയ്യുമ്പോൾ, ആർസിബിയിൽ മൂന്നാം നമ്പറിനായി മ്യൂസിക്കൽ ചെയർ കളി നടക്കുകയായിരുന്നു. അവസാനം അവർ ശ്രീകർ ഭാരതിൽ നിർത്തി, പക്ഷേ ഒടുവിൽ അവനെയും നമ്പർ 4 ലേക്ക് അയച്ചു. ആർസിബിയുടെ സമീപകാല ചരിത്രത്തിൽ നമ്മൾ ഇത് ഒരുപാട് തവണ കണ്ടിട്ടുണ്ട്, അവർ ബാറ്റിംഗ് ഓർഡർ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുന്നു, എന്നാൽ ബാറ്റിംഗ് ഓർഡർ മുൻകൂട്ടി നിശ്ചയിക്കാനായാൽ അത് അവർക്ക് ഗുണകരമാകും,” ചോപ്ര പറഞ്ഞു.
മുൻ ആർസിബി ക്യാപ്റ്റൻ 15-ാം ഓവർ വരെയെങ്കിലും ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ചോപ്ര പറഞ്ഞു. “ഡിവില്ലിയേഴ്സ് ഇപ്പോൾ ഇല്ലെന്ന് ഓർമ്മിക്കുക. അദ്ദേഹം അവിടെ ഉണ്ടായിരുന്നപ്പോൾ, അദ്ദേഹം നമ്പർ 4 അല്ലെങ്കിൽ നമ്പർ 5 ൽ ഇറങ്ങി സാഹചര്യം മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് അവർക്ക് ഉറപ്പായിരുന്നു. തീർച്ചയായും, ഇപ്പോൾ ആർസിബിക്ക് ദിനേഷ് കാർത്തിക് ഉണ്ട്, പക്ഷേ അദ്ദേഹം എബി ഡിവില്ലിയേഴ്സിന് പകരമാകില്ല. വിരാട് കോഹ്ലി 14-ഓ 15-ഓ ഓവർ വരെ പിച്ചിൽ തുടരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു,” ചോപ്ര കൂട്ടിച്ചേർത്തു.