വായ അടപ്പിച്ച് യുസ്‌വേന്ദ്ര ചാഹൽ ; ഇന്ത്യൻ സ്പിന്നറുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

ഞായറാഴ്ച നടന്ന ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുമായി പരിഹാസം നിറഞ്ഞ സംഭാഷണത്തിൽ ഏർപ്പെട്ടു. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, പഞ്ചാബ് കിംഗ്സ് ബാറ്റർ ലിയാം ലിവിംഗ്‌സ്റ്റൺ ഒരു 108-മീറ്റർ സിക്‌സ് നേടിയിരുന്നു, ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ സിക്‌സാണിത്.

ഇതേക്കുറിച്ചുള്ള ആകാശ് ചോപ്രയുടെ പ്രതികരണമാണ് ചാഹലിനെ ചൊടിപ്പിച്ചത്. 100 മീറ്റർ കടക്കുന്ന ഏതൊരു സിക്സും എട്ട് റൺസായി കണക്കാക്കാൻ അർഹതയുണ്ടെന്നാണ് ലിവിംഗ്‌സ്റ്റണിന്റെ വൻ ഹിറ്റിനെ തുടർന്ന് ചോപ്ര ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയിപ്പേട്ട ഉടനെ, ഉരുളക്ക് ഉപ്പേരി എന്ന് കണക്കെ ഇന്ത്യൻ സ്പിന്നറുടെ മറുപടി എത്തി.

മൂന്ന് ഡോട്ട് ബോളുകൾ എറിഞ്ഞാൽ ഒരു ബൗളർക്ക് ഒരു വിക്കറ്റ് ലഭിച്ചാൽ കാര്യങ്ങൾ ശരിയാകുമെന്ന് മറുപടിയായി ചാഹൽ സൂചിപ്പിച്ചു. “മൂന്ന് ഡോട്ട് ബോളുകൾ ഒരു വിക്കറ്റ് ഭയ്യാ ” രാജസ്ഥാൻ റോയൽസ് സ്പിന്നർ മറുപടി നൽകി.

ചാഹലിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട മുൻ സിഎസ്‌കെ താരം സുരേഷ് റെയ്‌നയ്ക്ക് ചിരിയാണ് വന്നത്. എന്നിരുന്നാലും, സിഎസ്കെ ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ പോരായ്മകളെ കുറിച്ച് ആകാശ് ചോപ്ര ഗൗരവകരമായ വിശകലനം നടത്തുകയുണ്ടായി.

“ചെന്നൈ കുഴപ്പത്തിലാണ്, പ്രത്യേകിച്ച് അവരുടെ ബൗളിംഗിന്റെ കാര്യത്തിൽ. ആദം മിൽനെ ഫിറ്റാണെങ്കിൽ, ദുർബലമായ സിഎസ്കെ ബൗളിംഗ് അൽപ്പം മെച്ചപ്പെടും. ഡ്വെയ്ൻ പ്രിട്ടോറിയസും ഡ്വെയ്ൻ ബ്രാവോയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ കാര്യമോ? സ്പിന്നർമാരിൽ ജഡേജയും മൊയീനും കാര്യമായ സ്വാധീനം ചെലുത്തുന്നില്ല,”